അര്‍ദ്ധരാത്രിയില്‍ ജെസിബി ഉപയോഗിച്ച് സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയ കേസ്. മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി

ആരാണ് കെട്ടിടം പൊളിച്ചതെന്ന് തനിക്കറിയില്ലെന്നും അത് പൊലീസ് കണ്ടത്തട്ടേയെന്നുമാണ് മാനേജരുടെ പ്രതികരണം.

New Update
court1

കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയെന്ന കേസില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.

Advertisment

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേയാണ് വിധി. 

അടച്ചുപൂട്ടിയ സ്കൂള്‍ നിലനിര്‍ത്താന്‍ പൊതുസമൂഹം നടത്തിയ പോരാട്ടം സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.

 2016 ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

കേരളത്തിലെ പൊതുവിദ്യാലയ സംരക്ഷണത്തിന് വലിയ ഊര്‍ജ്ജം പകരുകയും സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ എങ്ങനെയൊക്കെ ചേര്‍ത്തുപിടിക്കാം എന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്ത സംഭവമായിരുന്നു മലാപ്പറമ്പ് സ്കൂള്‍ പ്രശ്നം.

കുട്ടികളുടെ കുറവും, സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി സ്കൂള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ മാനേജര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമായി 2013 ല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

 എന്നാല്‍ 2014 ഏപ്രില്‍ മുപ്പതിന് അര്‍ദ്ധരാത്രിയില്‍ സ്കൂള്‍ കെട്ടിടം ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയതോടെ സ്കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും അതിശക്തമായി രംഗത്തിറങ്ങി.

സ്കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ദേശീയപാതയോരത്തെ ഭൂമി താല്‍പര്യവും ലക്ഷ്യം വെച്ച് മാനേജരും മറ്റ് ഏഴ് പേരും ഗൂഢാലോചന നടത്തി കെട്ടിടം ഇടിച്ചു നിരത്തിയെന്നായിരുന്നു കേസ്.

എംഎല്‍എ ഫണ്ടില്‍ ലഭിച്ച രണ്ട് കമ്പ്യൂട്ടറുകള്‍ മൈക്ക് സെറ്റ് തുടങ്ങിയവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയുടെ വിധി.

 ജാമ്യം ലഭിക്കാന്‍ കോടതിയിൽ കെട്ടിവെച്ച തുക തിരിച്ചു കൊടുക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ ആരാണ് കെട്ടിടം പൊളിച്ചതെന്ന് തനിക്കറിയില്ലെന്നും അത് പൊലീസ് കണ്ടത്തട്ടേയെന്നുമാണ് മാനേജരുടെ പ്രതികരണം.

Advertisment