/sathyam/media/media_files/2025/12/09/ernakulam-small-clash-in-last-day-of-canvasing-election-1-2025-12-09-21-33-04.webp)
കോഴിക്കോട്: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.
ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. ഏഴ് ജില്ലകളിലും നാളെ നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്.
പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ സംസ്ഥാന രാഷ്ട്രീയവും സജീവ ചര്‍ച്ചയായ പ്രചാരണദിനങ്ങള്‍ക്കൊടുവില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം.
ശബരിമലയും ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് ബന്ധവും ഡീല്‍ ആരോപണങ്ങളുമെല്ലാം കൊണ്ട് സജീവമായ വടക്കന്‍ കേരളത്തില്‍ അവസാന മണിക്കൂറുകളിലും ആവേശം അലയടിച്ചു.
പൊതു തെരഞ്ഞെടുപ്പുകളില്‍ കാണുന്ന കേന്ദ്രീകൃത കൊട്ടിക്കലാശ രീതിക്ക് പകരം വാര്‍ഡുതലങ്ങളില്‍ റോഡ് ഷോ നടത്തി പരമാവധി പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളും മുന്നണികളും.
അവസാന മണിക്കൂറുകളിലെ ആവേശം പലയിടത്തും പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും നയിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലും കോഴിക്കോട് വടകര, കാരശേരി എന്നിവടങ്ങളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 15 പേരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുമാണ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 18274 പോളിങ് സ്റ്റേഷനുകളില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കണ്ണൂര്‍ ജില്ലയിലാണ് പ്രശ്ന ബാധിത ബൂത്തുകള്‍ കൂടുതല്‍ ഉള്ളത്, 1025. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us