/sathyam/media/media_files/2025/12/23/kozhikode-corporation-2025-12-23-16-56-01.png)
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് സ്വാധീന മേഖലയായ തീരദേശ വാർഡുകള്‍ വാർഡ് വിഭജനത്തിലൂടെ പടിപടിയായി വെട്ടിക്കുറച്ചു. ആറ് കോർപേറേഷന്‍ വാർഡുണ്ടായിരുന്ന കുറ്റിച്ചിറ-മുഖദാർ മേഖലയില്‍ ഇപ്പോള്‍ വെറും രണ്ട് വാർഡ് മാത്രം.
കോർപറേഷനിൽ യുഡിഎഫ് അംഗങ്ങളെ കുറക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം നടത്തിയ നീക്കമാണിതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
തെക്കേപ്പുറം എന്നറിയപ്പെടുന്ന കുറ്റിച്ചിറ-മുഖദാർ തീരദേശ മേഖലയില്‍ ആറ് കോർപറേഷന്‍ വാർഡുകാണ് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള വാർഡ് വിഭജനം കഴിഞ്ഞതോടെ ഈ മേഖലയില വാർഡുകൾ രണ്ടെണ്ണമായി ചുരുങ്ങി.
കുറ്റിച്ചിറ, ചെമ്മങ്ങാട്, ചാപ്പയില്‍, മുഖദാർ, പള്ളിക്കണ്ടി, കുണ്ടുങ്ങല്‍ എന്നിവയായിരുന്നു 2010 വരെ തെക്കേപ്പുറത്തുണ്ടായിരുന്ന വാർഡുകള്‍.
ഭൂരിഭാഗവും യുഡിഎഫ് നിലനിർത്തുന്ന വാർഡുകള്‍. 2010ലെ വാർഡ് വിഭജനത്തില്‍ ഈ പ്രദേശത്തെ നാല് വാർഡുകളിലേക്ക് ചുരുക്കി. കുറ്റിച്ചിറ മുഖദാർ വലിയങ്ങാടി വാർഡുകളെക്കൂടാതെ ചില ഭാഗങ്ങള്‍ ചാലപ്പുറം വാർഡിലും ഉള്‍പ്പെടുത്തി.
ഇത്തവണത്തെ പുനസംഘടനയോടെ ഈ പ്രദേശത്തെ വാർഡുകള്‍ കുറ്റിച്ചിറയും മുഖാദാറും മാത്രമായി മാറി. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ അശാസ്ത്രീയ വാർഡ് വിഭജനത്തിലൂടെ കോർപറേഷനിലെ ഏറ്റവും ജനസംഖ്യയുള്ള വാർഡുകളായി ഇവ മാറി.
മുഖദാറില്‍ 13000 ത്തിലധികവും കുറ്റിച്ചിറയില്‍ പതിനായിരത്തോളവും വോട്ടർമാരുണ്ട്. മൂവായിരത്തില്‍ താഴെ വോട്ടർമാരുള്ള വാർഡുകള്‍ ഉള്ള കോർപറേഷനിലാണ് ഇതെന്നതും ശ്രദ്ധേയം.
വാർഡുകള്‍ ഇല്ലാതാക്കി കോർപറേഷനിലെ യുഡിഎഫ് പ്രാതിനിധ്യം കുറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന വിമർശനം ശക്തമാണ്. വാർഡ് വലുതായതോടെ വികസന പ്രവർത്തനങ്ങളിലടക്കം മേഖലക്ക് മതിയായ പ്രതിനിധ്യം ലഭിക്കാതെയായി.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വാർഡുകള്‍ വിഭജിക്കുന്നതെന്ന് കോർപറേഷന്‍ അധികൃതർ വിശദീകരിക്കുന്നു. ഭാവി വാർഡ് വിഭജനത്തിലെങ്കിലും പ്രശ്നം പരിഹരിക്കുന്ന തരത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us