മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോയിൽ കേസെടുത്ത് പൊലീസ്. വക്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചെന്ന് ആരോപണം. കോൺഗ്രസ് എൻ. സുബ്രഹ്മണ്യൻ അറസ്റ്റിൽ. കലാപാഹ്വാനത്തിന് കേസ്. പ്രതിഷേധവുമായി കോൺഗ്രസ്

സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.

New Update
img(132)

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. 

Advertisment

സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇദ്ദേഹത്തെ കസ്റ്റഡിയി ലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകളും വ്യാജരേഖ ചമയ്ക്ൽ അടക്കമുള്ള വകുപ്പുകൾ വീണ്ടും ചേർത്തേക്കുമെന്നും അഭ്യൂഹമുണ്ട്. 

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന അടിക്കുറുപ്പ് നൽകി ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകളാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.

 പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. കേസ് രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് ഫോട്ടോ താൻ എടുത്തിട്ടുള്ളതെന്നും  എൻ. സുബ്രഹ്മണ്യൻ പ്രതികരിച്ചു.  

രാവിലെ ബി.പിക്കുള്ള ഗുളിക കഴിക്കാൻ സമ്മതിക്കാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത്. മൊഴിയെടുക്കണമെന്ന് വ്യക്തമാക്കിയാണ് പൊലീസ് എത്തിയത്. എന്നാൽ പിന്നീട് ഉന്നതങ്ങളിൽ നിന്നും നിർദ്ദേശം സി.ഐക്ക് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യ പരിശോധനക്കായി സുബ്രഹമണ്യനെ വെള്ളിമാട്കുന്നിലെ നിർമ്മല ആശുപത്രിയിൽ എത്തിച്ച ശേഷം സ്റ്റേഷനിൽ തിരികെ എത്തിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിൽ ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം കനക്കുകയാണ്

Advertisment