'അന്ന് ലാല്‍ പരാമര്‍ശിച്ച അമ്മ ഞങ്ങളുടെ അമ്മയായിരുന്നു, ടി പി ചന്ദ്രശേഖരന്റെ അമ്മ'. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ അനുസ്മരണവുമായി കെ കെ രമ എംഎല്‍എ

"തനിക്കൊന്ന് നോവുമ്പോൾ അമ്മയുടെ മനസ്സ് പിടയുന്നത് തൊട്ടറിയാം. അപ്പോൾ കൊത്തിനുറക്കപ്പെട്ടിരിക്കുന്ന മകനെയോർത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസ്സിലാക്കാൻ സാധിക്കും. "  

New Update
img(179)

കോഴിക്കോട്: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ അനുസ്മരണവുമായി കെ കെ രമ എംഎല്‍എ.

Advertisment

ലാലിന്റെ ആത്മാര്‍ത്ഥമായ വാക്കുകളിലൂടെ ഓരോ മലയാളിയും ആ അമ്മയെ അടുത്തറിഞ്ഞിട്ടുണ്ടെന്നും ഈ സങ്കടം മറികടക്കാന്‍ മോഹന്‍ലാലിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും എളുപ്പമാവില്ലെന്നും അതിന് സാധിക്കട്ടെയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കെ കെ രമ പറഞ്ഞു.

കെ കെ രമ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം

മലയാളത്തിൻ്റെ അഭിമാനതാരം  മോഹൻലാലിൻ്റെ അമ്മയുടെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അമ്മയോടുള്ള തൻ്റെ അഗാധമായ സ്നേഹവും അമ്മ പകർന്നു തന്ന പ്രചോദനവും എപ്പോഴും അഭിമാനപുരസ്സരം മോഹൻലാൽ ഓർക്കാറുണ്ട്. 

അദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ വാക്കുകളിലൂടെ ഓരോ മലയാളിയും ആ അമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഓർമ്മയിൽ തെളിയുന്ന മറ്റൊരനുഭവം 2012 മെയ് മാസത്തിലെ തൻ്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം തൻ്റെ പങ്കുവെച്ച ഒരു കുറിപ്പാണ്.

mohanlal post



"ഓർമ്മയിൽ രണ്ട് അമ്മമാർ " എന്ന് തലക്കെട്ടിൽ എഴുതിയ ആ കുറിപ്പിൽ അദ്ദേഹം പരാമർശിച്ച മറ്റൊരമ്മ ഞങ്ങളുടെ അമ്മയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ്റെ അമ്മ. 


"തനിക്കൊന്ന് നോവുമ്പോൾ അമ്മയുടെ മനസ്സ് പിടയുന്നത് തൊട്ടറിയാം. അപ്പോൾ കൊത്തിനുറക്കപ്പെട്ടിരിക്കുന്ന മകനെയോർത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസ്സിലാക്കാൻ സാധിക്കും. "  

എന്നെഴുതിയ മോഹൻലാൽ "കേരളമൊരു ഭ്രാന്താലയമായ് മാറുകയാണോ ? " എന്ന ആശങ്കയിലാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്. 


ലാൽ തൊട്ടറിഞ്ഞ ഒരിക്കലുമണയാത്ത വേദനകളുമായി ജീവിച്ച ഞങ്ങളുടെ അമ്മ വിട പറഞ്ഞിട്ട് വർഷങ്ങളായി.


ഇപ്പോഴിതാ അന്ന് ആ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച അമ്മയും യാത്രയാവുന്നു. ആദരാഞ്ജലികൾ.
 
ഈ സങ്കടം മറികടക്കാൻ മോഹൻലാലിനും മറ്റു കുടുംബാംഗങ്ങൾക്കും എളുപ്പമാവില്ല. എങ്കിലും അതിന് സാധിക്കട്ടെ.

Advertisment