/sathyam/media/media_files/2026/01/15/k-m-shaji-2026-01-15-18-37-16.png)
കോഴിക്കോട്: എ.കെ ബാലനും സജി ചെറിയാനും പച്ചയ്ക്ക് ഇസ്‌ലാമോഫോബിയ പറയുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
താൻ മതം പറഞ്ഞിട്ടുണ്ടെന്നും അത് സ്വന്തം മതത്തെക്കുറിച്ചാണെന്നും വെള്ളാപ്പള്ളിയും എ.കെ ബാലനും സജി ചെറിയാനും പറഞ്ഞ അപരമത വിദ്വേഷവും മതവെറിയുമല്ല അതെന്നും ഷാജി പറഞ്ഞു.
സിപിഎമ്മും ബിജെപിയും രാഷ്ട്രീയം വിട്ട് മതത്തിൽ കുതിര കയറാൻ വന്നപ്പോഴാണ് താൻ മതം പറഞ്ഞതെന്നും പലപ്പോഴും അത് പറയേണ്ടിവന്നിട്ടുണ്ടെന്നും ഷാജി പ്രതികരിച്ചു.
തന്റെ പ്രസംഗത്തിലെ 'മതമാണ് പ്രശ്നം' എന്ന വാചകം ഉപയോഗിച്ച് തനിക്കെതിരെ പൊതുസമൂഹത്തിന്റെ മനസ് തിരിക്കാമെന്നാണ് സിപിഎം വ്യാമോഹം.
ആ പ്രസംഗം മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ അപഹരിക്കുന്ന ഇടത് സർക്കാരിനെതിരെയായിരുന്നെന്നും കെ.എം ഷാജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
'മതമല്ല മതമല്ല മതമല്ല പ്രശ്നം' എന്ന് മുദ്രാവാക്യം വിളിച്ച്, ഭരണഘടന ഉറപ്പുതരുന്ന മതവിശ്വാസത്തിനും ആചാരങ്ങൾക്കുമുള്ള അവകാശങ്ങൾ സിപിഎം ഇല്ലാതാക്കുമ്പോൾ അത് പറയുക തന്നെ ചെയ്യും.
ഞങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമ്പോൾ അത് നിങ്ങൾക്ക് ഒരു പ്രശ്‍നം അല്ലായിരിക്കാം, പക്ഷെ, ഞങ്ങൾക്കത് ഈ രാജ്യം കൽപ്പിച്ചുതന്ന അവകാശങ്ങൾക്ക് നേരെയുള്ള അതിക്രമം തന്നെയാണ്.
വഖഫ് നിയമനങ്ങൾ അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളെ അധികാരത്തിന്റെ മുഷ്‌ക്കിൽ നേരിട്ടപ്പോൾ, വിശ്വാസികളെ തെരുവിൽ അപഹസിച്ചപ്പോൾ, ആ പ്രശ്നങ്ങൾ പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ്'- ഷാജി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us