Advertisment

പി.എസ്.സി അംഗമാകാനും കോഴ; കോഴിക്കോട്ടെ സി.പി.എമ്മിൽ പുതിയ വിവാദം, പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത് മന്ത്രിയുടെ വിശ്വസ്തൻ. പി.എസ്.സി അംഗത്വം വാങ്ങി നൽകാൻ യുവ നേതാവ് നിശ്ചയിച്ച വില 60 ലക്ഷം രൂപ, ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യുവനേതാവിനെതിരെ നടപടി പ്രഖ്യാപിക്കും

New Update
cpim flag.jpg

കോഴിക്കോട് : പി.എസ്.സി അംഗം ആകുന്നതിനും കോഴ നൽകണം. ജില്ലയിൽ തുടങ്ങി സംസ്ഥാനമെമ്പാടും പടരുന്ന സി.പി.എമ്മിലെ പുതിയ വിവാദത്തിൻെറ കാതൽ ഇതാണ്.പി.എസ്.സി അംഗത്വം നൽകാമെന്ന് വിശ്വസിപ്പിച്ച് ജില്ലയിലെ സി.പി.എം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയത് പുറത്തു വന്നതോടെയാണ് വിവാദം കത്താൻ തുടങ്ങിയത്.പാർട്ടി ബന്ധുക്കളിൽപ്പെട്ട കോഴിക്കോട്ടെ ഡോക്ടറിൽ നിന്നാണ് പി.എസ്.സി അംഗം ആക്കാമെന്ന് വിശ്വസിപ്പിച്ച് കോഴ വാങ്ങിയത്.

Advertisment

മന്ത്രി പ്രമുഖന്റെ വിശ്വസ്ത അനുയായിയും സി.പി.എം ടൌൺ ഏരിയാ കമ്മിറ്റിയുടെ സെൻററിലും പ്രവർത്തിക്കുന്ന കോട്ടുളി സ്വദേശിയായ യുവനേതാവാണ് കോഴ വാങ്ങിയത്. പി.എസ്.സി അംഗം ആകുന്നതിന് ഏരിയാ സെൻറർ അംഗമായ യുവനേതാവ് 60ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 22ലക്ഷം രൂപയും വാങ്ങിയെടുത്തു.എന്നാൽ പി.എസ്.സി അംഗങ്ങളുടെ പട്ടിക വന്നപ്പോൾ ഡോക്ടർ പുറത്ത്. ഉറപ്പ് പ്രകാരം അംഗത്വം കിട്ടാതെ വന്നപ്പോൾ പരാതിപ്പെട്ട ഡോക്ടറെ വീണ്ടും വാഗ്ദാനം നൽകി പറ്റിച്ചു. സംസ്ഥാന ആയുഷ് വകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസറാക്കാമെന്നായിരുന്നു അടുത്ത ഉറപ്പ്.

പക്ഷേ ഒന്നും നടന്നില്ല.ആഗ്രഹിച്ച പി.എസ്.സി അംഗത്വവും ആയുഷ് ജില്ലാ മെഡിക്കൽ ഓഫീസർ പദവിയും ലഭിക്കാതെ വന്നതോടെ ഡോക്ടർ കോട്ടുളിയിലെ പാർട്ടി നേതാക്കളെ അറിയിച്ചു. കോട്ടുളി ലോക്കൽ കമ്മിറ്റിയാണ് കോഴയിടപാട് ജില്ലാ നേതൃത്വത്തെ ആദ്യം അറിയിക്കുന്നത്. പിന്നാലെ ഡോക്ടറുടെ ബന്ധു സി.പി.എം ജില്ലാ കമ്മിറ്റിക്ക് നേരിട്ട് രേഖാമൂലം പരാതി നൽകി. 

മെയ് മാസത്തിലാണ് തട്ടിപ്പിനിരയായവർ പരാതിയുമായി ജില്ലാ നേതൃത്വത്തെ സമീപിക്കുന്നത്. പി.എസ്.സി അംഗത്വം നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴ വാങ്ങിയ പരാതിയിൽ കർശന നടപടി എടുക്കാൻ സി.പി.എം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി. തുടർന്നാണ് പരാതി ഗൌരവമായി കണ്ട് നടപടി എടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചത്.

പരാതിക്കാരനിൽ നിന്ന് നേരിട്ട് തെളിവെടുത്തപ്പോൾ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെളിയിക്കാനുതകുന്ന ഓഡിയോ റെക്കോഡുകളും മറ്റും നൽകി. ഇതോടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സി.പി.എം ജില്ലാ നേതൃത്വം യുവനേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ്. ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം നടപടി ചർച്ച ചെയ്യും.

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പാർട്ടിയിലെ തെറ്റായ പ്രവണതൾ തിരുത്താനുളള നടപടികൾ തുടങ്ങുമ്പോഴാണ് പി.എസ്.സി അംഗത്വത്തിന് പാർട്ടി നേതാവ് കോഴ വാങ്ങിയെന്ന പരാതി പുറത്തുവരുന്നത്. പി.എസ്.സി അംഗത്വത്തിന് സി.പി.എം നേതാവ് പണം വാങ്ങിയെന്ന ആരോപണം പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ തന്നെ ആദ്യമാണ്. തിരുത്തൽ പ്രക്രിയക്ക് തുടക്കം കുറിക്കാനിരിക്കെ വന്ന ഈ ആരോപണം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

Advertisment