Advertisment

യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്‌‌പ്രസ്; രാവിലെ 10.10 ന് പോകേണ്ട കോഴിക്കോട് -ബഹ്‌റൈൻ വിമാനം വിമാനം ഇതുവരെ പുറപ്പെട്ടില്ല

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
air india express1

കോഴിക്കോട്: ക്യാബിൻ ക്രൂ സമരം പിൻവലിച്ച് ഒരു ദിനം പിന്നിട്ടിട്ടും എയർ ഇന്ത്യ എക്‌സ്‌‌പ്രസ് സർവീസുകൾ സാധാരണ നിലയിലായില്ല. രാവിലെ 10.10 ന് പോകേണ്ട കോഴിക്കോട് -ബഹ്‌റൈൻ വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

Advertisment

സാങ്കേതിക തകരാറാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിമാനം 6.50 ന് പുറപ്പെടുമെന്നാണ് അവസാനം വന്ന അറിയിപ്പ്. മണിക്കൂറുകളായി ജനങ്ങൾ കാത്തിരിക്കുകയാണ്. കൂടാതെ പ്രതിഷേധവും ശക്തമാക്കിയിരിക്കുകയാണ്.

പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർവീസുകൾ പഴയ നിലയിലാകാൻ രണ്ടു ദിവസം കൂടിയെടുത്തേക്കും. ഇന്നലെയും ചില സർവീസുകൾ റദ്ദാക്കിയിരുന്നു. കേരളത്തിൽ നാല് വിമാനത്താവളങ്ങളിൽ നിന്ന് 22 സർവീസുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ടിയിരുന്ന മസ്കറ്റ്, രാത്രിയിലെ ഷാർജ സർവീസുമാണ് മുടങ്ങിയത്. ബംഗളൂരു, ഹൈദരാബാദ് സർവീസുകളും റദ്ദാക്കിയിരുന്നു. യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു. കൊച്ചിയിൽനിന്ന് ഇന്നലെ രാവിലെ 8.35ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 8.50ന് പുറപ്പെടേണ്ടിയിരുന്ന മസ്കറ്റ്, 12ന് പുറപ്പെടേണ്ടിയിരുന്ന ബംഗളൂരു, രണ്ടരയ്ക്കുള്ള കൊൽക്കത്ത സർവീസുകളാണ് മുടങ്ങിയത്.

കണ്ണൂരിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ദമാം, മസ്‌കറ്റ്, റിയാദ്, റാസൽഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇന്നലെ വൈകിട്ട് നാലിന് ഷാർജയിലേക്കും രാത്രി എട്ടിന് ദുബായിലേക്കുമുള്ള സർവീസുകൾ നടത്തി. കരിപ്പൂരിൽ നിന്ന് ദുബായ് (രണ്ട് സർവീസുകൾ), റാസൽഖൈമ, കുവൈറ്റ്, ദോഹ, ബഹ്റിൻ സർവീസുകൾ റദ്ദാക്കി.

പണിമുടക്കിയ ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ട്. ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപ‌ടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment