പന്തീരാങ്കാവ് ഗാ‌ർഹിക പീഡനകേസ്, ഭാര്യയുമായുള്ള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുൽ; ഹർജി ഇന്ന് പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
women rahul pantheerankavu.jpg

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്നും, സകല തെറ്റിദ്ധാരണകളും മാറിയെന്നും ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു.

Advertisment

ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്.

വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്ന് പറഞ്ഞതുമെല്ലാം തെറ്റാണ്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണവും യുവതി നിഷേധിച്ചു.

സിവിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പ്രതിയായ കേസിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെ കേസന്വേഷണം പ്രതിസന്ധിയിലായി. കോടതിയിൽ യുവതിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പൊലീസ് പ്രതിക്കൊപ്പം നിന്നെന്ന ആരോപണം ഉയർന്ന കേസ് കൂടിയാണിത്. രാഹുലിന്റെ അമ്മ, ഉഷാകുമാരി, സഹോദരി കാർത്തിക, പന്തീരാങ്കാവ് സ്റ്റേഷനിലെ ശരത്ത് ലാൽ, രാജേഷ് മാങ്കവ് എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജർമ്മനിയിലേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. കേസിൽ അലംഭാവം കാട്ടിയെന്ന പേരിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്.സരിനെ സസ്‌പെൻ‌ഡ് ചെയ്തിരുന്നു. മേയ് അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം.

Advertisment