നവകേരള ബസ് സർവ്വീസ് വീണ്ടും മുടങ്ങി; വർക്ക് ഷോപ്പിലെന്ന് കെഎസ്ആർടിസി

New Update
navakerala bus neww.jpg

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസിന്റെ സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സർവ്വീസ് നടത്തുന്നത്.

യാത്രക്കാരില്ലാത്തതിനാല്‍ മുന്‍പും ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതിനുശേഷവും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ സർവീസ് നിർത്തിയത് അറ്റകുറ്റപ്പണികള്‍ കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. ബസിന്‍റെ സമയം മാറ്റി പുനക്രമീകരിച്ചാല്‍ കൂടുതല്‍ ആളുകള്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ സമയക്രമമാണ് ബസില്‍ ആളുകള്‍ കുറയുന്നതിന് കാരണമെന്നും യാത്രക്കാര്‍ പറയുന്നു. ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നതും.

Advertisment