കോഴിക്കോട് അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണ സംഭവത്തിൽ റെയിൽ ഗതാഗതം തടസപ്പെട്ടത് ആറ് മണിക്കൂറിലേറെ. രാത്രിയോടെ ഒരു ട്രാക്കിലൂടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടാനായത്.
മൂന്ന് വൻ മരങ്ങളും, പത്തോളം വീടുകളുടെ മേൽക്കൂരയുമാണ് തകർന്ന് പാളത്തിൽ പതിച്ചത്. ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകിയാണ് ഓടുന്നതെന്നാണ് യാത്രക്കാരുടെ പരാതി. രാത്രി 12.50ന് ഷൊർണൂരിൽ എത്തേണ്ട മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഇവിടെയെത്തിയത് ചൊവ്വാഴ്ച പുലർച്ചെ 5.45ഓടെയാണ്.