/sathyam/media/media_files/2024/12/02/jvJur8Fi8Of8VB5Z5O9R.jpg)
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ നൽകണം. ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ഇന്ന് മുതൽ നടപ്പിലായി. തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ, പണം ഈടാക്കാതെയായിരുന്നു ഒ പി ടിക്കറ്റ് നൽകിയിരുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.
അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.