കോഴിക്കോട്: കർണാടകത്തിലെ അങ്കോല താലൂക്കിൽ ഷിരൂർ ഗ്രാമത്തിൽ ഉണ്ടായ മലയിടിച്ചിലിൽ മരിച്ച 8 കുടുംബങ്ങൾക്കും ഒരു കോടി രൂപ സഹായധനം നൽകണമെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഐആര്‍ബി എന്ന കമ്പനി മരണപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം കമ്പനിയിൽ സ്ഥിരനിയമനം നൽകാൻ തയ്യാറാകണമെന്നും ബ്രഹ്മശ്രീ നാരായണ ഗുരു ധർമ്മ പീഠം മഠാധിപതിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ശ്രീനാരായണ ഗുരു ഭക്തരുടെ ദേശീയ വേദിയായ ആര്യ ഇഡിഗ രാഷ്ട്രീയ മഹാ മണ്ഡലി ദേശീയ പ്രസിഡൻ്റുമായ സ്വാമി പ്രണവാനന്ദ ആവശ്യപ്പെട്ടു.
മരിച്ച 8 പേരിൽ 7 കുടുംബങ്ങളും ശ്രീനാരായണീയരാണ്. വെറും 5 ലക്ഷം രൂപ മാത്രമാണ് കർണ്ണാടക സർക്കാർ വാഗ്ദത്തം ചെയ്തിട്ടുള്ളത്. മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനോ വേണ്ട കാര്യങ്ങൾ ചെയ്യാനോ കർണാടക സർക്കാർ തെയ്യാറായിട്ടില്ല. സർക്കാറിൻ്റെ ജാഗ്രത കുറവ് അപലപനീയമാണ്.
/sathyam/media/media_files/shiroor-disaster.jpg)
മരിച്ച ഓരോ ആൾക്കും 25 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിക്കാൻ കർണാടക സർക്കാർ തെയ്യാറാകണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും ദുരന്തത്തിനിരയായി കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുനിൻ്റെ വീട് സന്ദർശിച്ചതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ സ്വാമി ആവശ്യപ്പെട്ടു.
ഐആര്‍ബി കമ്പനിയുടെ അശാസ്ത്രീയമായ റോഡ് പണി ഒന്നു കൊണ്ട് മാത്രമാണ് അപകടം ഇത്രയും രൂക്ഷമാക്കിയതെന്നും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കമ്പനി മേധാവികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സ്വാമിജി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അനുകൂലമായ നിലപാട് കർണാടക സർക്കാർ കാണിച്ചിട്ടില്ലെങ്കിൽ ജൂലൈ 28 ന് അങ്കൂറിൽ ചേരുന്ന സമുദായത്തിൻ്റെ നേതൃ യോഗത്തിൽ വെച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ആസൂത്രണം ചെയ്യും.
ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലി ദേശീയ സെക്രട്ടറി എം.രാജൻ രാഷ്ട്രീയ മഹാമണ്ഡലി സംസ്ഥാന പ്രസിഡൻ്റും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയുമായ സുധീഷ് കേശവപുരി കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം കർണാടകയിലെ ബസമമൂർത്തി സ്വാമി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.