/sathyam/media/media_files/2025/01/01/JcbQS2DY86hvEbuY9ylm.jpg)
കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി നിന്നതാണെന്നാണ് വിഷ്ണു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് വിഷ്ണുവിനെ ബെംഗളൂരിവിൽ വച്ച് അന്വേഷണ സംഘം കണ്ടെത്തിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്.
മജെസ്റ്റിക് ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് ഇയാളെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടർന്ന് നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് വിഷ്ണു നൽകുന്ന വിശദീകരണം.
കഴിഞ്ഞമാസം 17 നായിരുന്നു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു 20 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചത്.
കണ്ണൂരിലെത്തിയെന്ന ശബ്ദ സന്ദേശം അമ്മയ്‌ക്കയച്ച വിഷ്ണുവിനെ ഇതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ പരാതിയിൽ കോഴിക്കോട് കമ്മീഷണറുടെ മേൽനോട്ടത്തിൽ എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത് .
എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പൂനെയിലെത്തി വിഷ്ണുവിനായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആർമിയുടെ നേതൃത്വത്തിലും സമാന്തരമായി അന്വേഷണം നടക്കവെയാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. അന്വേഷണസംഘം ഇന്ന് സൈനികനുമായി നാട്ടിലെത്തും.