കോഴിക്കോട്: കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറുടെ കൈയ്യിൽ നിന്നും തട്ടിയെടുത്തത് നാലുകോടി രൂപ . രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത്, എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. ഇതിനുപിന്നാലെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഡോക്ടറുടെ പരാതി.
രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടശാല നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് പിടിയിലായത്. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടികൂടിയത്.
ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടന്നത്. ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ തുക കൈക്കലാക്കിയത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളിലായി തുക വാങ്ങിയെടുക്കുകയായിരുന്നു. ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200-ഓളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.