അമീബിക് മസ്തിഷ്‌കജ്വരം, ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

New Update
ameebic.jpg

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ ആണു മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കുട്ടിയുടെ മരണം. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കുട്ടി ആദ്യം ചികിത്സ തേടിയത്. ഈ മാസം 13 മുതൽ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു സംശയിക്കുന്നത്. കളിയാട്ടമുക്ക് എഎംഎല്‍പി സ്‌കൂള്‍ നഴ്സറി വിദ്യാര്‍ഥിനിയാണ്. ഫദ്‌വയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ഈ മാസം ഒന്നിനാണ് ഫദ്‌വയും കൂട്ടുകാരും കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.

സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലായിരുന്നു മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു. പതിനായിരത്തില്‍ ഒരാള്‍ക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പകരില്ല.

Advertisment