/sathyam/media/media_files/eehmy1YsH3Dp5PnX9884.jpg)
കോഴിക്കോട്: മുഖ്യ ഭരണകക്ഷിയായ സിപിഎം ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കേരളം ഉപതെരഞ്ഞെടുപ്പ് തിരക്കിലേയ്ക്ക്. ഇന്ന് കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ പൊടുന്നനെ ഭരണമുന്നണിയിലേയ്ക്ക് സമ്മാനിച്ച അപക്വ വിവാദം ഉള്‍പ്പെടെ പി.വി അന്‍വര്‍ തൊടുത്തുവിട്ട വിവാദങ്ങളെല്ലാം സര്‍ക്കാരിനെയും ഭരണ മുന്നണിയെയും വീര്‍പ്പുമുട്ടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തത്, മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കടുത്ത നീക്കങ്ങള്‍ എന്നവയൊക്കെ സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
ഒരു തരത്തിലും ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്ത സാഹചര്യത്തില്‍ സുപ്രധാന ഉപതെരഞ്ഞെടുപ്പുകള്‍ എന്നതാണ് ഇടതുമുന്നണിയുടെ മുമ്പിലുള്ള വെല്ലുവിളി.
വയനാട്ടിലും പാലക്കാടും സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി ഉണ്ടായാലും വലിയ പ്രതിസന്ധിയില്ല. കാരണം രണ്ടിടത്തും അവര്‍ വിജയ പ്രതീക്ഷകളില്‍ ബഹുദൂരം പിന്നിലാണ്. പക്ഷേ സിറ്റിംങ്ങ് സീറ്റായ ചേലക്കരയുടെ കാര്യത്തില്‍ സിപിഎമ്മിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണുള്ളത്.
1996 മുതല്‍ സിപിഎമ്മിന്‍റെ അടിയുറച്ച കോട്ടയായ ചേലക്കര കൈവിട്ടുപോകുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഇരട്ടി പ്രഹരമാകും. മാത്രമല്ല, വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
അതിനാല്‍തന്നെ എന്ത് വിലകൊടുത്തും ചേലക്കര നിലനിര്‍ത്താനുള്ള കഠിന പ്രയത്നങ്ങളാകും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാവുക. 'പൂരം കലക്കിയ' വിവാദങ്ങള്‍ പുറത്തുവന്ന തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കലക്കിയ പൂരത്തിനുപോലും മറുപടി പറയേണ്ടിവരും. പരാജയം ഉണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചും അത് നിര്‍ണായകമാകും.
പാലക്കാട് ഏറെ തവണകളായി സിപിഎം മൂന്നാം സ്ഥാനത്തേയ്ക്ക്. വയനാട്ടില്‍ ഇതുവരെ അവര്‍ വിജയിച്ചിട്ടുമില്ല. പ്രത്യേകിച്ചും പ്രിയങ്കാ ഗാന്ധി മല്‍രിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പ്രസക്തിയുമില്ല.