വടകര ആയഞ്ചേരിയിൽ വൻ മയക്കുമരുന്നുവേട്ട; കാറിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ

New Update
2723048-nisar

വടകര: ആയഞ്ചേരിയിൽ ബംഗുളുരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ആയഞ്ചേരി പൊക്ളാരത്ത് താഴെവെച്ച് അരിപ്പിനാട്ട് നിസാറി (35) നെയാണ് റൂറൽ പൊലീസിന്‍റെ ഡാൻസാഫ് സ്ക്വാഡ് വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയത്.

Advertisment

രഹസ്യ വിവരത്തെ തുടർന്ന് പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബംഗുളുരുവിൽ നിന്നും ബൊലേനോ കാറിൽ കടത്തുകയായിരുന്നു എം.ഡി.എം.എ. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ ഡോറിനുള്ളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി. മേഖലയിൽ എം.ഡി.എ.എ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായ നിസാർ എന്ന് പൊലീസ് പറഞ്ഞു.

ഡാൻസാഫ് സ്ക്വാഡ് പിടികൂടിയ ഇയാളെ വടകര പൊലീസിന് കൈമാറി. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. മേഖലയിൽ നിന്നും ആദ്യമായാണ് ഇത്രയധികം മയക്കുമരുന്ന് പൊലീസ് പിടികൂടുന്നത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ മറ്റാരെങ്കിലും സഹായികളായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

260 ഗ്രാം എം.ഡി.എം.എയാണ് ഇയാൾ ബംഗുളുരുവിൽ നിന്നും കടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Advertisment