ഇസ്ലാം മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ രൂപീകൃതമായ സമസ്തയിൽ രാഷ്ട്രീയ അതിപ്രസരം ഏറുമ്പോൾ ആശങ്ക മുസ്ലിം ലീഗിന്. ആശങ്കയ്ക്ക് കാരണം കാലാകാലങ്ങളിൽ തുടരുന്ന വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം. കാന്തപുരം തുടക്കമിട്ട സിപിഎം അനുഭാവം സമസ്തയിലേയ്ക്ക് പടരുമ്പോൾ മലപ്പുറത്ത് അടക്കം വലിയ രാഷ്ട്രിയ നേട്ടം ഇടതുപക്ഷവും ലക്ഷ്യം വെയ്ക്കുന്നു

സമസ്തയിൽ രാഷ്ട്രീയ അതിപ്രസരം ഏറുന്നു എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. മുസ്സിം ലീഗ് പാര്‍ട്ടിയുടെ ഭൂരിപക്ഷമാളുകളും സമസ്ത’യെ പിന്തുണക്കുന്നവരാണ് എന്നതാണ് അതിന് കാരണം.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
pinarai vijayan gifri muthokoya thangal panakkad sadiq ali shihab thangal pk kunjalikutty
Listen to this article
0.75x1x1.5x
00:00/ 00:00

1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപവത്കൃതമായ ഇസ്ലാമിക പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത എന്തിന് രൂപവത്കരിക്കപ്പെട്ടു എന്ന് അതിന്റെ ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Advertisment

പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും  വിശ്വാസങ്ങളെയും യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെ കുറിച്ച് മുസ്ലിംകള്‍ക്ക് ബോധം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമസ്ത രൂപീകൃതമായത്. 


അന്ന് മുതൽ സമസ്ത അതിൻ്റെ ഭരണഘടന അനുശാസിച്ച കാര്യങ്ങൾ കാര്യമായി വ്യതിചലിച്ചിരുന്നില്ല. തുടർന്ന് അങ്ങോട്ട് ഒരോ ഘട്ടത്തിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സമസ്ത നേതൃത്വം നടത്തിയതും. 

1948 ൽ മുസ്ലിം ലിഗ് രൂപികൃതമായത് മുതലാണ് സമസ്തയിൽ രാഷ്ട്രീയം കലർന്നത്. കാലാകാലങ്ങളിൽ അത് വളർന്നതോടെ പണ്ഡിതർ മുശവാറ യോഗം ചേരുകയും സമസ്തക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി പ്രത്യേക ബന്ധമില്ലെന്നും സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതുമില്ലെന്നും നിരന്തരം അണികളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.  

എന്നാൽ ഇന്ന് ഇതിന് വിരുദ്ധമായി സമസ്തയിൽ രാഷ്ട്രീയ അതിപ്രസരം ഏറുന്നു എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. മുസ്സിം ലീഗ് പാര്‍ട്ടിയുടെ ഭൂരിപക്ഷമാളുകളും സമസ്ത’യെ പിന്തുണക്കുന്നവരാണ് എന്നതാണ് അതിന് കാരണം. രാഷ്ട്രീയമായി ലീഗിനെ എതിർക്കുന്ന സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്ക് ഇത് അസ്വാരസ്യമുണ്ടാക്കി. 


സമസ്തയേയും ലീഗിനെയും രണ്ടാക്കി മാറ്റി നിർത്തുക എന്നത് അവരുടെ രാഷ്ട്രിയ അജണ്ടയായിരുന്നു. മുറ പോലെ അവർ കിട്ടുന്ന അവസരങ്ങൾ എല്ലാം മുതലെടുത്തു കൊണ്ടിരുന്നു. സമസ്തയിൽ രാഷ്ട്രീയ ചിന്ത വളർത്തി ലീഗിനെ ക്ഷയിപ്പിക്കുക  എന്നതായിരുന്നു തന്ത്രം.  


'മുസ്ലിം മതന്യൂനപക്ഷ വിഭാഗങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നടത്തിയ പ്രസ്താവന ഇതിനോടൊപ്പം ചേർത്ത് വായിക്കാം. 

എന്നാൽ സമസ്തയുടെയും ലീഗിൻ്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്നവരുടെ ഇഴയടുപ്പം പല ഘടത്തിലും തടസ്സമായി. സമസ്തയുടെ നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അബ്ദുസമദ് പൂക്കോട്ടോരും  ലീഗ് വിധേയത്വം പാലിച്ചാണ് സംഘടനയെ നയിച്ചത്. 

എന്നാൽ സമസ്തയുടെ സ്വതന്ത്ര വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവായിട്ടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംഘടനയെ നയിക്കാൻ എത്തിയത്. പിന്നീട് അധികാരത്തിലേറിയപ്പോൾ സർക്കാറിനോടൊപ്പം ചേർന്ന് നിന്നാൽ അവകാശങ്ങൾ നേടിയെടുക്കാം എന്ന സമസ്ത നേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ഓർമിപ്പിച്ചു. 

jifri muthukoya thangal pinarai vijayan

സമസ്ത പിളർന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ നയിക്കുന്ന സംഘടന മാറി മാറി വരുന്ന സർക്കാറിനോട് ചേർന്ന് നിന്ന് അവകാശങ്ങൾ നേടിയെടുക്കുന്നു എന്ന വാദം കൂടി സമസ്തക്കുള്ളിൽ ഉയർന്നു. 

ഇതിനിടെ സമസ്ത അധ്യക്ഷനായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ താൽപര്യവും വികാരവും മുഖ്യമന്ത്രിയ്ക്ക് ഒപ്പമായതോടെ കാര്യങ്ങൾ എളുപ്പമായി. വഖഫ് ബോർഡ് നിയമനവുമായി ബന്ധപെട്ട വിഷയത്തിലാണ് ആദ്യ അവസരം ഒത്തുവന്നത്.  


വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന്റെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാതെ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെ ലീഗും സമസ്തയും രണ്ടു വഴിയ്ക്കായി എന്ന ചർച്ച സജീവമായി.


വഖഫ് വിഷയത്തിൽ കാര്യങ്ങള്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ക്കും സമസ്തയുടെ മറ്റു നേതാക്കള്‍ക്കും ബോധ്യപ്പെട്ടു എന്നു മാത്രല്ല, ലീഗിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നുകൂടി മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ വെട്ടിത്തുറന്നു പറഞ്ഞോടെ കാര്യങ്ങൾ എളുപ്പമായി. 

പൗരത്വ നിയമ ദേദഗതി വിഷയത്തിലും, ബാബ്‌രി മസ്ജിദ് വിഷയത്തിലും, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിലായാലും എല്ലാം ലീഗ് സമസ്ത ഭിന്നിപ്പ് പരസ്യമായി. സമസ്തക്കുള്ളിൽ സിപിഎം നുഴഞ്ഞുകയറി എന്നായിരുന്നു ഇതിനെതിരെ ലീഗ്  പ്രതികരിച്ചത്.


സമദ് പൂക്കോട്ടൂരിനെ പോലുള്ളവർ സമസ്ത നേതൃത്വത്തിലിരിക്ക ലീഗ് വേദിയിൽ പ്രസംഗിക്കുമ്പോൾ കാണാത്ത രാഷ്ട്രീയം എന്തുകൊണ്ട്  ഉമ്മർ ഫൈസി മുക്കത്തിന് എതിരെ കാണുന്നു എന്ന ചോദ്യമാണ് സമസ്തയിൽ നിന്ന് തന്നെ ഉയരുന്നത്. ഇതുതന്നെയാണ് സംഘടനയിലെ ഭിന്നത രൂക്ഷമാണ് എന്ന വാദത്തിന് അടിസ്ഥാനവും.


സാമൂഹ്യ മാധ്യമങ്ങളിലൂടെ സമസ്ത മുശാവറ അംഗങ്ങൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിൽ രാഷ്ട്രീയ ചിന്ത കൂടി കടന്നു വരുമ്പോൾ  സംഘടന അതിന്റെ അടിസ്ഥാനതത്വം മറക്കുന്നു എന്നതാണ് പ്രധാന കാര്യം. ഇനി ഇപ്പോൾ ഉമ്മർ ഫൈസി മുക്കം ഉയർത്തിയ വിവാദങ്ങളിൽ കാര്യങ്ങൾ എങ്ങോട്ട് എന്നതിന് അടിസ്ഥാനമാക്കി ആയിരിക്കും എല്ലാം. 

Advertisment