കോഴിക്കോട്: കൊയിലാണ്ടിയില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അക്രമി സംഘത്തില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പരാതിയുണ്ട്. ഡിവൈഎഫ്‌ഐ ഇക്കാര്യം തള്ളികളഞ്ഞു. പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ആദ്യം ഉണ്ണികൃഷ്ണനെയാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കസേരയെടുത്ത് അടിക്കുകയായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പരയുന്നത്. കുടുംബാംഗങ്ങളിലൊരാള്‍ ആക്രമിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നു.
ഉണ്ണികൃഷ്ണനെ ആക്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച ഭാര്യയെയും മക്കളേയും സംഘം ഉപദ്രവിച്ചു. വീട്ടിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് സംഘം തിരിച്ചു പോയത്.