/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
കോഴിക്കോട്: മുനമ്പത്തെ ഭൂമി വക്കഫ് ആണോ ? എന്നതിനെചൊല്ലി മുസ്ലിം ലീഗില്‍ ഭിന്നത.
ഒരു വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ രണ്ടഭിപ്രായങ്ങളുമായി പരസ്യ പ്രതികരണത്തിന് തയ്യാറെടുക്കുന്നത് ലീഗില്‍ അത്യപൂര്‍വ്വമാണ്.
മുനമ്പത്തേത് വക്കഫ് ഭൂമിയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയവരാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും.
ആ നിലപാട് കൊച്ചിയില്‍ ലത്തീന്‍ രൂപതാ കേന്ദ്രത്തിലെത്തി ക്രൈസ്തവ സഭാ നേതൃത്വങ്ങളെയും ഇവര്‍ ധരിപ്പിച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ സംരക്ഷിക്കപ്പെടുന്ന ഉന്നത മതേതര നിലപാട് ശക്തിപ്പെടുത്തേണ്ടതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.
യുഡിഎഫ് രാഷ്ട്രീയത്തിനും ഇത് നിര്‍ണായകമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ നിലപാട് തള്ളി ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത് വന്നത് ലീഗ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടാണ്.
മുനമ്പം വിഷയത്തില്‍ പാണക്കാട് തങ്ങള്‍ പറഞ്ഞതാണ് നിലപാടെന്നും ആരും പാര്‍ട്ടിയാകാന്‍ ശ്രമിക്കേണ്ടെന്നും പറഞ്ഞ് ശക്തമായ പ്രതികരണത്തിലൂടെ പി.കെ കുഞ്ഞാലിക്കുട്ടി അതിനു മറുപടി പറഞ്ഞു.
എന്നാല്‍ വീണ്ടും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഷാജിയെ പിന്തുണച്ച് മുനമ്പത്തേത് വക്കഫ് ഭൂമിയാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് വരുകയായിരുന്നു.
ഇതോടെ ലീഗ് നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
അതിലൊന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞ നിലപാടുതന്നെ തള്ളിയാണ് കെ.എം ഷാജിയും ഇ.ടിയും രംഗത്തുവന്നിരിക്കുന്നതെന്നതാണ്.
അതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതാണ് രണ്ടാം ഘട്ടം പ്രതികരണങ്ങളില്‍ നിന്നും ലീഗ് നേതാക്കള്‍ തല്‍ക്കാലം വിട്ടു നില്‍ക്കുന്നത്.
അപ്പോഴും ഭിന്ന നിലപാടുകളില്‍ ഇരുകൂട്ടരും ഉറച്ചു നില്ക്കുകയുമാണ്.
മുനമ്പത്തേത് വക്കഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ലീഗിലെ ഭിന്നതയോടെ വെട്ടിലായി.
ആദ്യം ലീഗ് പ്രശ്നം തീര്‍ക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
അതുവരെ വിവാദത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.
ലീഗിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇനി എങ്ങനെ പരിഹരിക്കപ്പെടും എന്നതിലാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക.
ഇ.ടിയും കെ.എം ഷാജിയും ലീഗില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളികളാണ്.