മാരത്തൺ ചർച്ചകളിലും ഫലം കാണാതെ ഭിന്നത തുടരുന്നു. സമസ്തയിലെ ചേരിപ്പോര് പിളർപ്പിൽ തന്നെ അവസാനിക്കാൻ സാധ്യത. മുശാവറ യോഗത്തിൽ നിന്നുള്ള ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്ക് അരമന രഹസ്യമാക്കി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബഹിഷ്കരണം തുറന്നു സമ്മതീച്ച് നേതാക്കൾ. പണ്ഡിത സഭയിലെ ചേരിപ്പോര് ആകെ നാണക്കേടായി മാറുമ്പോൾ

നേതൃത്വം പൊതിഞ്ഞു പിടിക്കാൻ നോക്കിയ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മുശാവറയിൽ നിന്നുളള ഇറങ്ങിപ്പോക്കിന് മുശാവറ അംഗങ്ങൾ തന്നെ സ്ഥിരീകരണം നൽകിയതോടെയാണ് സമസ്തയിലെ അഭ്യന്തര രാഷ്ട്രീയം കലുഷിതമായത്.

New Update
hakkim faisi adyassery bahavudeen nadvi jifri thangal unar faisi mukkom
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: മുശാവറ യോഗത്തിലെ പൊട്ടിത്തെറിക്കും സംസ്ഥാന അധ്യക്ഷൻെറ ഇറങ്ങിപ്പോക്കിനും ശേഷം സമസ്തയിലെ ചേരിതിരിവ് വീണ്ടും കൂടുതൽ രൂക്ഷമാകുന്നു.

Advertisment

നേതൃത്വം പൊതിഞ്ഞു പിടിക്കാൻ നോക്കിയ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മുശാവറയിൽ നിന്നുളള ഇറങ്ങിപ്പോക്കിന് മുശാവറ അംഗങ്ങൾ തന്നെ സ്ഥിരീകരണം നൽകിയതോടെയാണ് സമസ്തയിലെ അഭ്യന്തര രാഷ്ട്രീയം കലുഷിതമായത്.


മുശാവറയിൽ നിന്ന് ഇറങ്ങിപോക്ക് ഉണ്ടായെന്ന വാർത്ത നേതൃത്വം പ്രസ്താവനയിറക്കി നിഷേധിച്ച് നിൽക്കുമ്പോഴാണ് മുശാവറയിലെ ലീഗ് അനുകൂല വിഭാഗത്തിൻെറ നേതാവായ  ഡോ. ബഹാവുദ്ദിൻ നദ്വി ഇറങ്ങിപ്പോക്ക് നടന്നുവെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.


ലീഗ് അനുകൂലികളെ കളളന്മാർ എന്ന് വിളിച്ച ഉമർഫൈസി മുക്കത്തിൻെറ പ്രതികരണത്തിൽ ക്ഷുഭിതനായാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയതെന്നും ഡോ. ബഹാവുദ്ദീൻ നദ്വി വ്യക്തമാക്കി. 

അതിന് ശേഷവും ഇറങ്ങിപ്പോക്ക് ഉണ്ടായില്ലെന്ന് പരസ്യമായി ആവർത്തിക്കുകയാണ് സമസ്തയിലെ ലീഗ് വിരുദ്ധരുടെ നേതാവായ ഉമർഫൈസി മുക്കം ചെയ്യുന്നത്. ഇതിൽ അമർഷമുളള ലീഗ് അനുകൂല വിഭാഗം വീണ്ടും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്ക് നിഷേധിച്ച് കൊണ്ട് മുശാവറ യോഗത്തിന് ശേഷം ഇറക്കിയ പത്രകുറിപ്പ് കളവാണെന്നും അത് സമസ്തയെപോലുളള സംഘടനക്ക് യോജിച്ച രീതി അല്ലെന്നും ഡോ. ബഹാവുദ്ദീൻ നദ്വി പ്രതികരിച്ചു. 

സമസ്ത  മുശാവറയിലെ ലീഗ് വിരുദ്ധരെ ലക്ഷ്യം വെച്ചുളള വിമർശനങ്ങളുമായി സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയും രംഗത്തെത്തി.


മുശാവറയിലുളള  രണ്ട് പേർ തന്നെ കാഫിറാക്കി ചിത്രികരിക്കാൻ ശ്രമിക്കുന്നുവെന്നും ഇവരുടെ നിലപാട് സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ തീരുമാനങ്ങളെ പോലും സ്വാധീനിക്കുന്നുണ്ടെന്നും ഹക്കീം ഫൈസി തുറന്നടിച്ചു.


സമസ്തയിൽ ശുദ്ധീകരണം വേണം എന്നും അദ്ദേഹം  ആവശ്യപ്പെട്ടു. ഒരു നൂറ്റാണ്ടിൻെറ പ്രവർത്തന പാരമ്പര്യമുളള പണ്ഡിതസഭയായ സമസ്തയിൽ ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്.

മുശാവറ അംഗങ്ങൾ ചേരിതിരിഞ്ഞ് പോരടിക്കുമ്പോൾ അവരെ നിയന്ത്രിക്കാനും തിരുത്താനും പോലും കഴിയാതെ നേതൃത്വം നിസാഹയരായി നോക്കിനിൽക്കുകയാണ്.


സമസ്തയുടെ പരമോന്നതയായ മുശാവറയിൽ തന്നെ ചേരിതിരിവ് രൂക്ഷമായതും അതിൽ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ന്യൂനപക്ഷത്തായി പോയതുമാണ് കാര്യങ്ങളെ ഈ അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചത്. 


ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരസ്യമായി വിമർശിച്ച മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമസ്തയിൽ പിളർപ്പുണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ആശയ പ്രശ്നങ്ങളുടെ പേരിലാണ് നേരത്തെ സമസ്തയിൽ തർക്കങ്ങളും പിളർപ്പും ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ വിധേയത്വം മുൻനിർത്തിയുളള തമ്മിലടിയാണ്.

മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത തരത്തിൽ മുശാവറ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ തുടരുമ്പോൾ പണ്ഡിത സഭയെന്ന് അറിയപ്പെടുന്ന സമസ്ത വലിയ നാണക്കേടാണ് നേരിടുന്നത്.

മുശാവറയിലെ ഇറങ്ങിപോക്കിന് നേതൃത്വം തന്നെ സ്ഥിരീകരണം നൽകിയതും മറ്റൊരു നാണക്കേടായി.


മുശാവറയിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോകാൻ കാരണം ഉമർ ഫൈസി മുക്കം ആണെന്ന് ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ആവർത്തിച്ചു.


മുശാവറ യോഗത്തിന് ശേഷം സമസ്തയുടെ പേരിൽ പുറത്ത് വന്ന lപത്രക്കുറിപ്പ്  വസ്തുതകൾക്കും യാഥാർഥ്യങ്ങൾക്കും നിരക്കാത്തതാണെന്ന് നദ്വി ഫേസ് കുറിപ്പിലൂടെ തുറന്നടിച്ചു.

സമസ്തയിലെ ലീഗ് അനുകൂലികളുടെ നീക്കത്തിന് പിന്നിൽ ജമാഅത്തെ ഇസ്ളാമിയും മുജാഹിദ് വിഭാഗവുമാണെന്നാണ് വിരുദ്ധ വിഭാഗത്തിൻെറ ആക്ഷേപം.

ഉമർഫൈസി മുക്കം തന്നെ പൊതുപരിപാടിയിൽ ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. വിവാദ വിഷയങ്ങൾ ചർച്ച ചെയ്ത് സമവായം ഉണ്ടാക്കാൻ രണ്ടാഴ്ച്ചക്കകം വീണ്ടും മുശാവറ ചേരുമെന്നാണ് സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പ്രഖ്യാപിച്ചത്.

ഈ യോഗവും ഇരു വിഭാഗവും തമ്മിലുളള ഏറ്റുമുട്ടലിന് വേദിയാകാനാണ് സാധ്യത.

Advertisment