/sathyam/media/media_files/2024/12/16/QDkC2WSc5bhe7EwLMkip.jpg)
കോഴിക്കോട്: ഉത്തരേന്ത്യൻ മാതൃകയിൽ സംസ്ഥാനത്തും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ ചോദ്യ പേപ്പർ ചോർത്തുന്നത് വ്യാപകമാവുന്നു.
ഓണപരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നതായി പരാതി വന്നിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ വിദ്യാഭ്യാസ വകുപ്പ് പരാതി അവഗണിച്ചതാണ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും വ്യാപകമായി ചോരാൻ ഇടയാക്കിയത്.
എന്നാൽ ഇപ്പോൾ ചോദ്യപേപ്പര്‍ ചോര്‍ന്നതെങ്ങിനെയെന്നു കണ്ടെത്തുക എളുപ്പമാവില്ലെന്ന് സൂചന.
പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഏറെപ്പേര്‍ ഇടപെടുന്ന ഈ പ്രക്രിയ മുഴുവന്‍ പരിശോധിക്കുക എളുപ്പമല്ല.
പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവന്നുവന്നത്.
പത്താം ക്ലാസ് ചോദ്യപ്പേപ്പര്‍ ഡയറ്റുകളാണ് തയാറാക്കുന്നത്. ഇത് എസ്.എസ്.കെ. അച്ചടിച്ചു നല്‍കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതോ, അച്ചടിക്കുന്നതോ സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലൊന്നുമല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെപ്പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്ലസ് വണ്‍ ചോദ്യപേപ്പര്‍ തയാറാക്കുന്നത് എസ്‌സിഇആര്‍ടി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയിലാണ്. ഓരോ ഗ്രൂപ്പിലും എട്ട് വരെ അധ്യാപകരുണ്ടാവും. എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥരും ഉണ്ടാകും.
രണ്ട് സെറ്റ് ചോദ്യപേപ്പറില്‍ ഒരെണ്ണം കേരളത്തിന് പുറത്തെ പ്രസ്സിലാണ് അച്ചടിക്കുന്നത്. അവര്‍തന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും.
ഇത്രയും വിപുലമായ ശൃംഖലകളിലൂടെയാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് മുമ്പിൽ എത്തുന്നത് എന്നതുകൊണ്ടുതന്നെ അത് എവിടെ നിന്ന് ചോർന്നു എന്ന് കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ട്.
നേരത്തെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നപ്പോൾ അത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. എംഎസ് സൊല്യൂഷനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും റിപ്പോര്‍ട്ട് നൽകിയിരുന്നു.
കോഴിക്കോട് കൊടുവള്ളി എഇഒ, ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാൽ അത് അവഗണിച്ച വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ക്രിസ്തുമസ് പരീക്ഷയ്ക്ക് ചോദ്യപേപ്പറുകൾ ചോർന്നപ്പോൾ മാത്രമാണ് കാര്യങ്ങൾ ഗൗരവത്തിലെടുത്തത്.
ട്യൂഷന്‍ സെന്ററുകൾ തമ്മിലുള്ള വലിയ കിടമത്സരവും ചോർച്ചക്ക് പിന്നിലുണ്ട്. വലിയൊരു ലോബി തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന രഹസ്യ വിവരം.
വിദ്യാഭ്യാസ വകുപ്പിൽ പോലും ഇവരുടെ ഏജൻ്റ്മാരുണ്ട്. മുമ്പ് നീറ്റ് യുജി ചോദ്യപേപ്പറുകൾ ചോർന്നത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
എന്നാൽ ട്യൂഷൻ സെൻററുകളുടെ കിടമത്സരം എല്ലാതലത്തിലും വളർന്നതോടെ ഉയർന്ന പരിക്ഷയുടെ മാത്രമല്ല പത്താം ക്ലാസ് പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറുകൾ കൂടി ചോരുന്നു എന്ന ഗൗരവ സ്ഥിതിവിശേഷം കേരളത്തിൽ എത്തി എന്നതാണ് ഇപ്പോഴത്തെ ഈ സംഭവം വ്യക്തമാക്കുന്നത്.