കോഴിക്കോട്: രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഫറോക്ക് പോലീസ് ചോദ്യംചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെയോടെയാണ് രാമനാട്ടുകരയില്‍ ഒഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വെട്ടുകല്ലുകൊണ്ട് മുഖം മർദിച്ച് വികൃതമാക്കിയ നിലയിലാണുണ്ടായിരുന്നത്.