കോഴിക്കോട്: അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവം, അലക്ഷ്യമായി വാഹനം ഓടിച്ചതിനാൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജ് പൊലീസ്. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് ജംഷീറിനെതീരെ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുന്നവിധവും വാഹനം ഓടിച്ചെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. അപകടത്തിന് പിന്നാലെ ഇയാൾ അവിടെനിന്ന് മറ്റൊരിടത്തേക്ക് മാറുകയായിരുന്നു.
വിദ്യാർഥികൾ തിങ്ങിനിറഞ്ഞ ബസ് ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടസമയത്ത് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സമീപത്തുണ്ടായിരുന്ന പൊലീസ് സ്റ്റേഷനും ആശുപത്രിയും രക്ഷാപ്രവർത്തനം എളുപ്പമാക്കി.
ഇന്നലെ വൈകിട്ട് 4.10ഓടെ പാളയം ബസ് സ്റ്റാൻഡിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന വെർടെക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. 50ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.