/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
കോഴിക്കോട്: ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങൽ സർഗാലയയിൽ ശനിയാഴ്ച വനിതാ സെമിനാർ സംഘടിപ്പിക്കും.
‘സൃഷ്ടി, സ്വാതന്ത്ര്യം: പ്രതിസന്ധികളും അവസരങ്ങളും’ എന്ന സെമിനാർ ആരോഗ്യ, വനിതാശിശുവികസന മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
സ്ത്രീകൾക്കു തൊഴിൽസാദ്ധ്യതകൾ സൃഷ്ടിക്കാനുള്ള സാങ്കേതികവും സാമൂഹികവുമായ പ്രതിസന്ധികൾ ചർച്ചചെയ്യാനും നൂതനസാങ്കേതികവിദ്യകളുടെ കാലത്ത് അഭ്യസ്തവിദ്യരായ സ്ത്രീകൾക്കു തൊഴിൽരംഗത്തു മുന്നേറാനുള്ള അവസരങ്ങൾ കണ്ടെത്താനും ഉദ്ദേശിച്ചാണു സെമിനാർ.
കേരള വനിതാക്കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘടനസമ്മേളനത്തിൽ എംഎൽഎമാരായ കാനത്തിൽ ജമീലയും കെ. കെ. രമയും മുഖ്യാതിഥികളാകും.
വിഴിഞ്ഞം പേർട്ട് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ. പി. ബിന്ദു, വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ, പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ എന്നിവർ ആശംസ നേരും.
തുടർന്നു നടക്കുന്ന സെമിനാറിൽ കേരള വനിതാക്കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, വിഴിഞ്ഞം പേർട്ട് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സിനിമാ സംവിധായികയും മാദ്ധ്യമപ്രവർത്തകയുമായ വിധു വിൻസെന്റ്, നോവലിസ്റ്റ് ആർ. രാജശ്രീ, മാതൃഭൂമിയുടെ ഡിജിറ്റൽ ബിസിനസ് ഡയറക്ടറായ മയൂര ശ്രേയാംസ് കുമാർ, ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം എന്നിവർ വിഷയാവതരണം നടത്തും. യുഎൽസിസിഎസ് ഡയറക്ടർ ശ്രീജ മുരളി മോഡറേറ്ററാകും.