/sathyam/media/media_files/2025/03/02/IHs7l2PzhMOJpKVAJXOB.jpg)
കോഴിക്കോട്: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള സർക്കാർ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനിടെ സ്വന്തം നിലയിൽ വീടുകൾ നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.
ഇത്രകാലം സർക്കാർ നടപടികൾക്കായി കാത്തു നിന്നുവെന്നും ഇനിയും സർക്കാരിന്റെ നടപടികൾക്കായികാത്തു നിൽക്കേണ്ടതില്ലെന്നാണ് നിലപാടെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് മുസ്ലിം ലീഗ് സ്വന്തം നിലയിൽ പുനരധിവാസം നടപ്പാക്കാൻ ഒരുങ്ങുന്നത്.
മുൻപ് പ്രഖ്യാപിച്ചത് പോലെ 100 വീടുകൾ തന്നെ നിർമ്മിച്ച് നൽകാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.8 സെന്റ് ഭൂമിയിൽ ആയിരം ചതുരശ്രയടി വിസ്തീർണത്തിൽ വീട് നിർമ്മിക്കുന്നത്.
വീട് നിർമ്മാണത്തിനായി വിവിധ ഇടങ്ങളിൽ സ്ഥലം കണ്ടെത്തും. നിർമ്മിച്ച് നൽകുന്ന വീടുകളുടെ ഗുണഭോക്താക്കളെ ലീഗ് നേതൃത്വം തന്നെ കണ്ടെത്താനാണ് തീരുമാനം. റംസാൻ മാസത്തിനുശേഷം വീടുകളുടെ നിർമാണം തുടങ്ങാനാണ് പദ്ധതി.
വീട് നിർമ്മാണത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനായി ഏറനാട് എം.എൽ.എ പി.കെ.ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയും രൂപീകരിച്ചു.
ദുരന്തത്തിന് പിന്നാലെ തന്നെ പുനരധിവാസത്തിന് വേണ്ടി പണസമാഹരണം നടത്തിയ മുസ്ലിം ലീഗ് 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക പുനരധിവാസ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ലീഗ് സ്വന്തം നിലയിൽ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണ്.
ദുരന്തം നടന്ന് 7 മാസം പിന്നിട്ടിട്ടും കിടാക്കടം നഷ്ടപ്പെട്ടവർക്ക് വേണ്ടിയുളള വീടുകൾ നിർമ്മിക്കുന്നതിനായി ഒരു കല്ല് പോലും വെക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
കൽപ്പറ്റയിലും മേപ്പാടിയിലുമായി രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നഷ്ട പരിഹാര തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഗുണഭോക്താക്കളുടെ എണ്ണം 450ൽ താഴെയേ ഉണ്ടാകുകയുളളുവെന്ന വിലയിരുത്തലിൽ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ആദ്യം ഏറ്റെടുത്താൽ മതിയെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഏറ്റെടുക്കുന്ന എസ്റ്റേറ്റിന്റെ മൂല്യ നിർണയം പോലും ഇനിയും പൂർത്തിയായിട്ടില്ല.
മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി അവസാനവാരം എസ്റ്റേറ്റ് ഏറ്റെടുക്കാനായിരുന്നു സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നത്. മാർച്ച് ആദ്യവാരം വീടുകളുടെ ശിലാസ്ഥാപന കർമ്മം നടത്താനും ധാരണയായിരുന്നു.
എന്നാൽ ലക്ഷ്യമിട്ടിരുന്നത് പോലെയുളള കാര്യങ്ങളൊന്നും നടത്താൻ സർക്കാരിനായില്ല. ഇതാണ് പുനരധിവാസം സ്വന്തം നിലയിൽ പൂർത്തിയാക്കാൻ മുസ്ലിം ലീഗ് നിർബന്ധിതമായത്.
ലീഗിന്റെ വഴി മറ്റ് സ്പോൺസർമാരും സ്വീകരിച്ചാൽ സർക്കാർ നാണം കെടുന്ന അവസ്ഥയിലാകും. കർണാടക സർക്കാരും കോൺഗ്രസും എല്ലാം വീടുകൾ വാഗ്ദാനം ചെയ്തിട്ടുളളവരാണ്.
ദുരന്തത്തിന് പിന്നാലെ പ്രത്യേക ആപ് ഉണ്ടാക്കി പുനരധിവാസത്തിനുളള പണം സമാഹരിച്ച മുസ്ലിം ലീഗ് 36 കോടിയിൽപരം രൂപയാണ് ശേഖരിച്ചത്. ഇതിന് പുറമേ ഒരുവീടിന് 15ലക്ഷം രൂപ എന്ന നിരക്കിൽ 22 വീടുകൾ നിർമ്മിച്ച് നൽകാനുളള വാഗ്ദാനവും ലീഗ് നേതൃത്വത്തിന് ലഭിച്ചിരുന്നു.
രണ്ടര ഏക്കറോളം സ്ഥലവും സൗജന്യമായി ലഭിച്ചിരുന്നു.റീലീഫ് പ്രവർത്തനങ്ങൾക്കായി 1.5 കോടിയോളം ചെലവഴിച്ച ലീഗ് ബാക്കി പണം ഉപയോഗിച്ച് പുനരധിവാസത്തിനുളള വീട് നിർമ്മിക്കാൻ കാത്ത് നിൽക്കുകയായിരുന്നു.
എന്നാൽ ഇതുവരെയും നടപടിയൊന്നുമില്ല.പുനരധിവാസ നടപടികൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച ആദ്യയോഗത്തിൽ തന്നെ മുസ്ലീം ലീഗ് നേതൃത്വം സർക്കാരുമായി തെറ്റിയിരുന്നു, വീടൊന്നിന് 33 ലക്ഷം രൂപ നൽകണമെന്ന സർക്കാർ നിലപാടാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുക വളരെ കൂടുതലാണെന്ന നിലപാട് അപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു.ഇതേ തുടർന്നാണ് സ്പോൺസർമാർ 20 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം നിശ്ചയിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us