കോഴിക്കോട്: ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി വന്ന ഊമക്കത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.
പരീക്ഷ കഴിയും മുമ്പ് കുറ്റാരോപിതരായ വിദ്യാർത്ഥികളെ വകവരുത്തും എന്നായിരുന്നു ഊമക്കത്ത്.
വിദ്യാർത്ഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ കഴിയൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അപായപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.
വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാലിലാണ് സ്കൂൾ അധികൃതർക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഊമക്കത്ത് ലഭിച്ചത്.വിലാസം രേഖപ്പെടുത്താതെയായിരുന്നു കത്ത്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസിൽ പിടിയിലായ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പൊലീസ്.