ഹിറ്റ് ആന്റ് റൺ കേസ്. അന്വേഷണം ശക്തമാക്കുന്നു. അന്വേഷണം ഏത് രീതിയിൽ നടത്തണമെന്നും അതിന് സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികൾ ഉൾപ്പെടെ വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറങ്ങി

ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം സംഭവിക്കുന്ന അപകടത്തിൻ്റെ ശിക്ഷ രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്.

New Update
hit and run case

കോഴിക്കോട്: വാഹനമിടിച്ച് നിർത്താതെ പോകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു. വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും പക്ഷേ ഹിറ്റ് ആൻ്റ് റൺ കേസുകളിൽ കുറച്ചു പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.

Advertisment

ഈ സാഹചര്യത്തിൽ ഇത്തരം കേസുകളിൽ അന്വേഷണം ശക്തമാക്കാൻ നിർദേശം നൽകി. റോഡപകടങ്ങൾ വരുത്തി നിർത്താതെ പോകുന്നവരെ കണ്ടെത്താൻ ലോക്കൽ പൊലീസ് സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ സഹിതമാണ് ഡിജിപിയുടെ ഉത്തരവ്.


ഇത്തരം സംഭവങ്ങളിൽ രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി ആറുപേരോളം മരിക്കുന്നതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 


ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം സംഭവിക്കുന്ന അപകടത്തിൻ്റെ ശിക്ഷ രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരമാവധി അഞ്ചു വർഷം തടവും എന്ന തരത്തിലാണ് വർധിപ്പിച്ചത്. 

അപകടങ്ങൾ നടന്ന വിവരം പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളേയോ അറിയിക്കാതെ കടന്നുകളയുകയും അപകടത്തിൽപെട്ട വ്യക്തി മരണപ്പെടുകയും ചെയ്താൽ കാരണക്കാരനായ ഡ്രൈവർക്ക് പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വിധത്തിലാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയത്.


നിയമ നടപടികൾ കർശനമാക്കിയും ശിക്ഷ വർധിപ്പിച്ചും അപകടനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതേ സമയം പലപ്പോഴും വാഹനാപകട കേസുകളിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാവാറില്ല.


പ്രതികളെ കണ്ടെത്താനാവാത്ത നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഏത് രീതിയിൽ നടത്തണമെന്നും അതിന് സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികൾ ഉൾപ്പെടെ വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയിട്ടുള്ളത്.അപകടം നടന്ന സ്ഥലത്തുള്ള എല്ലാ വ്യക്തികളെയും കണ്ട് വിവരങ്ങൾ ശേഖരിക്കണം.

സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം. ചുറ്റമുള്ള പ്രദേശത്തെ ആക്ടീവായിരുന്ന മൊബൈൽ ഫോൺ വിവരങ്ങളും ഈ സമയം കടന്നുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കണമെന്നും നിർദേശമുണ്ട്.