/sathyam/media/media_files/2025/04/07/dv9TZMk7qHhw6AyQuSTi.jpg)
കോഴിക്കോട്: കേരളത്തിൽ രാഷ്ട്രീയ രംഗത്തുണ്ടാവുന്ന വിവാദങ്ങളിലും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും പലപ്പോഴും കാര്യമായ ആലോചനകളൊന്നുമില്ലാതെ പ്രതികരണം നടത്തുന്ന പാരമ്പര്യമാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഏറ്റവുമൊടുവിൽ മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴി വെച്ചതും .
മലപ്പുറം ജില്ല പ്രത്യേകം ചിലരുടെ രാജ്യമാണെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാനാവില്ലെന്നുമായിരുന്നു വെള്ളപ്പള്ളിയുടെ വിവാദ പ്രസ്താവന.
ഇതിനെതിരെ വിവിധ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും കടുത്ത വിയോജിപ്പുമായി രംഗത്തെത്തുകയും ചെയ്തു.
ഏറ്റവുമൊടുവിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ ഇങ്ങനെ.
" മലപ്പുറം ജില്ലയെ കുറിച്ച് ആരോ ചില ആളുകൾ ചില പ്രസ്താവന നടത്തിയിട്ടുണ്ട്. അതിനെ അവജ്ഞയോടെ തള്ളിക്കളയണം. ഇവിടെ എപ്പോഴും ആർക്കും നിർഭയം സഞ്ചരിക്കാം.
ഈ ജില്ലയുടെ സൗരഭ്യം മനസിലാക്കാത്തവർ പലതും പറയും. ഈ ജില്ലക്കാരോട് ഇടപെടാത്തവർ പലതും പറയും" എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
അതേസമയം ജനങ്ങളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് വളമേകാന്‍ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂവെന്നും നാരായണ ഗുരുവിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം നിലപാടുകള്‍ എസ്എന്‍ഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നുമുള്ള രൂക്ഷ വിമർശങ്ങൾ സിപിഎം ഉൾപ്പെടയുള്ള പാർട്ടികളും ഉയർത്തിയിരുന്നു.
കേരളം കൂടുതൽ വർഗീയമാകുന്നുവെന്നായിരുന്നു കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.
സംഘപരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്നും നിയമനടപടി സ്വീകരിക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും വ്യക്തമാക്കിയിരുന്നു.
എസ് എൻ ഡി പി യോഗം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ വഴി കൈ പൊള്ളിയിരിക്കുന്ന അവസ്ഥയിലാണ് വെള്ളാപ്പള്ളി .
പക്ഷെ പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നും ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് താൻ പറഞ്ഞതെന്നും ലീ​ഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നുമായിരുന്നു തന്റെ പ്രസ്താവനയെന്ന് വിശദീകരിക്കുമ്പോഴും സമസ്ത ഉൾപ്പടെ രംഗത്തു വന്ന സാഹചര്യത്തിൽ വെള്ളാപ്പള്ളി പ്രസ്താവന പിൻവലിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us