പതിവുപോലെ മുസ്ലിംലീഗിനെ പുകഴ്ത്തി കോൺഗ്രസ്‌  നേതൃത്വം. മതേതരത്വം അപകടത്തിലാവുന്ന ഘട്ടങ്ങളിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് മുസ്ലിംലീഗ്. പുതിയ ദേശീയ നേതൃത്വം പ്രതീക്ഷ പകരുന്നു. പാണക്കാട് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ദേശീയ നേതൃത്വത്തിൽ തുടരുന്നത് വ്യക്തിപരമായ സന്തോഷമെന്ന് കെ സി വേണുഗോപാൽ

ലീഗിനെ 'ചത്ത കുതിര' എന്ന് സാക്ഷാൽ നെഹ്‌റു തന്നെ ഒരിക്കൽ വിശേഷിപ്പിച്ചിരുന്നുവെങ്കിലും കേരളത്തിൽ അധികാരത്തിന്റെ പടവുകൾ കയറാൻ കോൺഗ്രസ്സിന് ലീഗ് മർമ്മ പ്രധാനമായിരുന്നു, അന്നും ഇന്നും.

New Update
image(37)

കോഴിക്കോട് : കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ എക്കാലവും നിർണായകമായ ചർച്ചകൾക്കും വാദ പ്രതിവാദങ്ങൾക്കും ഇട വരുത്തിയതിൽ മുസ്ലിംലീഗിന് വലിയൊരു പങ്കുണ്ട്.

Advertisment

എൽ ഡി എഫ് -യു ഡി എഫ് മുന്നണികളുടെ, തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വിഷയവും ലീഗിനെ സംബന്ധിച്ചുള്ള നിലപാടും അഭിപ്രായ പ്രകടനങ്ങളുമാണ്.


ഇങ്ങനെ വാദ പ്രതിവാദങ്ങൾക്ക് ഹേതുവാകുമ്പോഴും തെരഞ്ഞെടുപ്പുകളിൽ ലീഗിന് വിജയം പതിവുമാണ്. അപ്രതീക്ഷിതമായ ചില തിരിച്ചടികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ.


എൽ ഡി എഫോ യു ഡി എഫോ വിജയിച്ചാലും ലീഗ് എംഎൽഎമാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാവാറില്ല. ലീഗിനെ 'ചത്ത കുതിര' എന്ന് സാക്ഷാൽ നെഹ്‌റു തന്നെ ഒരിക്കൽ വിശേഷിപ്പിച്ചിരുന്നുവെങ്കിലും കേരളത്തിൽ അധികാരത്തിന്റെ പടവുകൾ കയറാൻ കോൺഗ്രസ്സിന് ലീഗ് മർമ്മ പ്രധാനമായിരുന്നു, അന്നും ഇന്നും.

അതുകൊണ്ടാണ് ഇന്നും ലീഗിനൊരു സന്തോഷമോ പ്രയാസമോ ഉണ്ടാവുമ്പോൾ പൂച്ചെണ്ടുകളും ആശ്വാസവാക്കുകളുമായി കോൺഗ്രസ്‌ നേതാക്കൾ രംഗത്ത് വരുന്നത്.


ലീഗിനെ വരുതിയിലാക്കാൻ സിപിഎം ശ്രമിച്ച ഘട്ടങ്ങളിലെല്ലാം ശക്തമായ പ്രതിരോധ നിരയായത് കോൺഗ്രസ്‌ ആണ്.


ലീഗിലെ ചലനങ്ങളുടെ കാര്യത്തിൽ പതിവുള്ള അഭിപ്രായ പ്രകടനവും അഭിനന്ദനങ്ങൾ ചൊരിയലും അവരുടെ ദേശീയ തലത്തിലെ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം  പുറത്തു വന്നപ്പോഴും ആവർത്തിക്കുകയാണ് കോൺഗ്രസ്‌.

രാജ്യത്തിന്റെ മതേതരത്വം അപകടത്തിലേക്ക് പോവുന്ന ഘട്ടങ്ങളിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് മുസ്ലിംലീഗ് ആണെന്നും പുതിയ ദേശീയ നേതൃത്വം കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് എന്നും കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നു.

കെ.എം.ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായ  കമ്മിറ്റിയിൽ, രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ സ്ഥാനത്ത് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും തുടരുന്നുവെന്ന തീരുമാനം വ്യക്തിപരമായിക്കൂടി ഏറെ സന്തോഷം നൽകുന്നതാണെന്നും ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലും സാമൂഹിക ഇടപെടലുകളിലും ഇരുവരുടെയും പങ്കാളിത്തം എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്നത് നേരിൽക്കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.



"പൗരത്വ ഭേദഗതി നിയമത്തിലും, വഖഫ് ഭേദഗതിയിലും ലീഗ് നടത്തിയ നിയമപോരാട്ടങ്ങളുടെ അമരത്ത് ഇരുവരും ഉണ്ടായിരുന്നുവെന്നത് വിസ്മരിക്കാൻ കഴിയില്ല". വേണുഗോപാൽ വ്യക്തമാക്കി.


ഇക്കുറി രണ്ട് വനിതകൾ ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുന്നുവെന്നത് വലിയൊരു മാറ്റത്തിന്റെ സൂചന കൂടിയാണ്. 

ജയന്തി രാജനും ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത് സാങ്കേതികമായല്ല ആഘോഷിക്കേണ്ടത്. ദളിത്‌ ലീഗിലൂടെ അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വം കൂടിയാണ് മലയാളിയായ ജയന്തി രാജന്റേത്. 

രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ത്രീ, ദളിത്‌ മുന്നേറ്റങ്ങൾക്ക് കൂടിയാണ് ഇത് കരുത്ത് പകരുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Advertisment