മലബാറിൽ സി.പി.എമ്മിന് തിരിച്ചടിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് പ്രദീപ് കുമാറിന്റെ നിയമനം. കോഴിക്കോട്ട് പാര്‍ട്ടിയിലെ കോളിളക്കങ്ങൾ അടക്കാൻ പഴയ വി എസ് പക്ഷ നേതാവിന്‍റെ നിയമനം ഫലം ചെയ്‌തേക്കും. പാർട്ടിയിലെ അസ്വാരസ്യങ്ങൾ വേഗത്തിൽ പരിഹരിച്ച് ഭരണത്തിൽ തിരികെയെത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും സി.പി.എം. തയാറാകുന്നുവെന്ന സൂചനകള്‍ പുറത്ത്

വിഭാഗീയ പ്രവർത്തനങ്ങൾ ആക്കം കൂടുകയും പ്രദീപിനെ പോലെയുള്ള നേതാവ് കൂടി അതിന്റെ ഭാഗമാക്കപ്പെടുകയും ചെയ്‌തേക്കുമെന്ന അപകടകരമായ പ്രതിസന്ധി മറികടക്കൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിയമനത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

New Update
CPM

കോഴിക്കോട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയെന്ന റിപ്പോർട്ട് ശരിവെച്ച് എ.പ്രദീപ് കുമാറിന്റെ നിയമനം.

Advertisment

കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ അസ്വാരസ്യങ്ങൾ മറികടക്കാൻ സി.പി.എം ശ്രമിക്കുന്നതിന്റെ ഭഗാമായാണ് പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നൽകിയതെന്നും കരുതപ്പെടുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മുഹമ്മദ്ദ് റിയാസ് സംസ്ഥാന രാഷ്ട്രീയത്തിലും സി.പി.എമ്മിലും കോഴിക്കോട്ടും അധികാരകേന്ദ്രമായി പ്രവർത്തിക്കുന്നതിൽ ചില നേതാക്കൾക്കുള്ള കടുത്ത എതിർപ്പ് പ്രത്യക്ഷത്തിലും പരോക്ഷമായും അനുഭവപ്പെട്ടിരുന്നു.

ഇതേ തുടർന്ന് ജില്ലയിൽ ഉടലെടുത്തിട്ടുള്ള ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമാണ് പ്രദീപ് കുമാറിനെ നിയമനമെന്നും കരുതപ്പെടുന്നു.

ജനകീയനായ പ്രദീപ് കുമാറിന് എം.എൽ.എ പദവിയൊഴിഞ്ഞ ശേഷം സി.പി.എം വേണ്ടത്ര പരിഗണന കൊടുത്തില്ല. മന്ത്രിസഭയിലോ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലോ സ്ഥാനം പിടിക്കാതിരുന്ന അദ്ദേഹത്തെ കോഴിക്കോട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയതും ഒതുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും പറയപ്പെടുന്നു. 

ഒരു ലക്ഷം വോട്ടുകൾക്ക് എം.കെ രാഘവനോട് പരാജയപ്പെട്ട പ്രദീപ് കുമാറിനെ സി.പി.എം മൂലയ്ക്കിരുത്തുകയും ചെയ്തു. റിയാസിന്റെ അപ്രമാദിത്വമാണ് ജില്ലയിലുടനീളം ദൃശ്യമായിരുന്നത്

തുടർന്ന് ജില്ലാ സമ്മേളനത്തിൽ പൊട്ടിപ്പുറപ്പെട്ട വിഭാഗീയത കൂടിയാണ് പ്രദീപിന്റെ സ്ഥാന ലബ്ധിക്ക് പിന്നിലെന്നും പറയപ്പെടുന്നു. മോഹനനൻ മാസ്റ്റർ മാറുമ്പോൾ ജില്ലയെ നയിക്കാൻ പ്രദീപ് എത്തുമെന്ന് കരുതിയെങ്കിലും മെഹ്ബൂബിനാണ് നറുക്ക് വീണത്.

ജില്ലയിൽ നിന്നുള്ള മന്ത്രിയും ജില്ലാ സെക്രട്ടറിയും ഒരേ വിഭാഗത്തിൽ നിന്നും വന്നതിനാൽ തന്നെ നേതാക്കൾക്കിടയിൽ ചില അസ്വാരസ്യങ്ങൾ മുളപൊട്ടിയിരുന്നു.

ഇതിന് പുറമേ പി.കെ ദിവാകരനെ പോലെ മുതിർന്ന നേതാവിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയ നടപടിയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പി.കെ ദിവാകരൻ ഉൾപ്പെടെ 11 പേരെയാണ് ഒഴിവാക്കിയത്. 

13 പേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ വിമർശിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

അദ്ദേഹത്തെ അനുകൂലിച്ച് പരസ്യപ്രകടനവും നടന്നിരുന്നു. 

വിഭാഗീയ പ്രവർത്തനങ്ങൾ ആക്കം കൂടുകയും പ്രദീപിനെ പോലെയുള്ള നേതാവ് കൂടി അതിന്റെ ഭാഗമാക്കപ്പെടുകയും ചെയ്‌തേക്കുമെന്ന അപകടകരമായ പ്രതിസന്ധി മറികടക്കൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിയമനത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

കടുത്ത വി.എസ് പക്ഷക്കാരനെന്ന് അറിയപ്പെടുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഉൾപ്പെടുത്തിയത് വഴി ഒരു വിഭാഗത്തിനും ജില്ലയിൽ മേൽക്കൈയില്ലെന്നും ആരെയും അനാവശ്യമായി ഒഴിവാക്കിയിട്ടില്ലെന്നുമുള്ള സന്ദേശമാണ് നൽകിയിട്ടുള്ളത്.

വയനാട്, കണ്ണൂർ ജില്ലകളിലും വിഭാഗീയത ശക്തമായി തുടരുകയാണ്. കണ്ണൂരിൽ കെ.കെ രാഗേഷിനെ നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. വയനാട്ടിൽ പി.ഗഗാറിന്റെ എതിർപ്പും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്.

Advertisment