കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച ഉണ്ടായ തീ പിടുത്തം സംബന്ധിച്ച അന്വേഷണത്തിന് നടപടി സ്വീകരിച്ച് കോർപറേഷൻ.
വൈകീട്ട് അഞ്ച് മണിയോടെ പടർന്ന തീ നിയന്ത്രണവിധേയമായത് അർധരാത്രിയോടെ ആണ്. പത്ത് മണിക്കൂറോളമാണ് തീ കത്തിയത്.മലബാറിലെ മുഴുവൻ ഫയർ യൂണിറ്റും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്തെത്തിച്ചാണ് തീ അണച്ചത്.
കുറേ പേരുടെ കരിഞ്ഞ ജീവിതത്തിനു മുൻപിലാണ് ഇപ്പോൾ നിൽക്കുന്നതെന്നും അതിനകത്തെ ശരി തെറ്റുകൾ ഇനിയും അന്വേഷിക്കേണ്ടതാണെന്നും സംഭവ സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ്പ് പറഞ്ഞു.
മേയർ പറഞ്ഞത് ഇങ്ങനെ-
" കുറേ പേരുടെ കരിഞ്ഞ ജീവിതത്തിനു മുൻപിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. അതിനകത്തെ ശരി തെറ്റുകൾ ഇനിയും അന്വേഷിക്കണം.
പല തലത്തിലും അന്വേഷിച്ച ശേഷമെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് നമുക്ക് പറയാൻ കഴിയൂ. ഊഹാപോഹങ്ങൾ വിശ്വസിക്കാൻ പറ്റില്ല.പൊലീസ് തലത്തിലും ഫയർഫോഴ്‌സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് തലത്തിലും വിശദമായ പരിശോധന നടത്തും.വളരെ ദൗർഭാഗ്യകരമാണ് സംഭവം. പ്രത്യേകിച്ച് കോഴിക്കോട്ടെ ഏറ്റവും വലിയ ഷോ റൂമും അതിന്റ ഗോഡൗണുമാണ് കത്തി നശിച്ചത്.
കോർപറേഷൻ തലത്തിൽ വിശദമായി അന്വേഷിക്കും. അതിനു ശേഷമെ എന്ത് ചെയ്യണം എന്നത് ചിന്തിക്കാനാവൂ. ഒറ്റക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല. എല്ലാവർക്കും ഇതൊരു പാഠമാകണം. ഇടക്കിടക്ക് തീ പിടിത്തം ഉണ്ടാവുമ്പോൾ അതിനനുസരിച്ച മുൻ കരുതലും അവബോധവും കർശനമായി പാലിക്കണം. പഴയ കെട്ടിടമാണ്. എല്ലാം എ സിക്കു വേണ്ടി കെട്ടി അടച്ചിട്ടുണ്ട്.".
ഇതാണ് മേയർ ബീന ഫിലിപ്പിന്റെ പ്രതികരണം.
അതേസമയം,തീപിടിത്തം എങ്ങനെയുണ്ടായെന്ന് കണ്ടെത്താൻ പ്രാഥമിക പരിശോധന ഉടൻ ആരംഭിക്കുമെന്നും അനുഭവത്തിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുമെന്നുമാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചത്.
തീപിടിത്തതിന്‍റെ കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ് ഇന്ന് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് നൽകിയേക്കും.