കോഴിക്കോട്: കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
വൈദ്യ പരിശോധനയ്ക്കായി പൊലീസ് അജ്മലിനെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അനുവദിച്ചു.
ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.