കോഴിക്കോട്: റിട്ടയേര്‍ഡ് എസ്‌ഐയിൽ നിന്നും പെന്‍ഷന്‍ തുക പോക്കറ്റടിച്ച കേസിൽ പ്രതികളെ പിടികൂടി.
പുല്‍പ്പള്ളി ആനപ്പാറ സ്വദേശി പൂതാനം കോളനിയിലെ ബിനോയ് (50), കാരശ്ശേരി തോട്ടുമുക്കം സ്വദേശി ചുണ്ടന്‍കുന്നന്‍ ഹുസ്സൈന്‍ (59), താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷമീര്‍ (47), കൊച്ചി പള്ളുരുത്തി സ്വദേശി പാലക്കല്‍ ഹൗസില്‍ ജോയ് നിസാര്‍ (62) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
2005ല്‍ എസ്‌ഐ ആയി വിരമിച്ച ചന്ദ്രന്‍ വി എന്നയാളുടെ പക്കല്‍ നിന്നാണ് സംഘം പണം മോഷ്ടിച്ചത്.
കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രന്‍ കവര്‍ച്ചക്കിരയായത്.
സിവില്‍ സ്‌റ്റേഷന്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കീര്‍ത്തന ബസിലാണ് ഇയാള്‍ കയറിയത്.
ചന്ദ്രനെ പിന്തുടര്‍ന്ന നാല്‍വര്‍ സംഘവും ഇതേ ബസില്‍ കയറി. ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച സംഘം പണം കൈക്കലാക്കുകയായിരുന്നു.
കോഴിക്കോട് മനോരമ ജംഗ്ഷന്‍ ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് പണം നഷ്ടമായെന്ന് ചന്ദ്രന്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.