കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
അഷ്‌റഫിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.
പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല.
ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.