കോഴിക്കോടിനെ വിസ്മയപ്പിച്ച് ഗോപിനാഥ് മുതുകാടിന്റെ 'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ'

New Update
muthukad show

കോഴിക്കോട്: നാല് പതിറ്റാണ്ടോളം മലയാളികളെ വിസ്മയിപ്പിച്ച മാന്ത്രികലോകത്ത്, തന്റെ ജീവിതം മാറ്റിമറിച്ച അച്ഛനോടുള്ള ആദരം അർപ്പിച്ചുകൊണ്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട്.

Advertisment

കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നടന്ന 'ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ' എന്ന പരിപാടി ഒരു മാജിക് ഷോ എന്നതിലുപരി, ഒരു മകന്റെ സ്നേഹവും കടപ്പാടും നിറഞ്ഞ ആദരാഞ്ജലിയായി മാറി.

muthukad show-2

നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാന്ത്രികലോകത്തേക്ക് ഇറങ്ങിയപ്പോൾ, കൈത്താങ്ങായി നിന്ന പിതാവ് കുഞ്ഞുണ്ണി നായരോടുള്ള നന്ദി അറിയിക്കാനാണ് ഈ പരിപാടി അദ്ദേഹം ഒരുക്കിയത്.

മുതുകാടിന്റെ അമ്മ ദേവകിയമ്മ നിലവിളക്ക് കൊളുത്തിയതോടെയാണ് ഓർമ്മകളുടെ മാന്ത്രിക വിസ്മയങ്ങൾക്ക് തുടക്കമായത്. ഓരോ മാന്ത്രികവിദ്യയും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലിനെയും, പ്രത്യേകിച്ച് പിതാവ് നൽകിയ പിന്തുണയെയും ഓർമ്മിപ്പിച്ചു.

muthukad show-3

അച്ഛനും അമ്മയ്ക്കും ഒപ്പം തന്റെ ജീവിതവഴിയിലെ വഴികാട്ടിയായ ഗുരുക്കന്മാർക്കും അദ്ദേഹം ഷോയിലൂടെ ആദരവ് നൽകി. മാജിക്കിന്റെ അത്ഭുതങ്ങൾക്കൊപ്പം, സന്തോഷവും കണ്ണീരും നിറഞ്ഞ തന്റെ ഭൂതകാലം അദ്ദേഹം കാണികളുമായി പങ്കുവെച്ചു.

"നിയമപഠനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ ലോകം മുഴുവൻ എനിക്ക് എതിരായി നിന്നു, എന്നാൽ എന്റെ അച്ഛൻ മാത്രം എനിക്കൊപ്പം നിന്നു," എന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞപ്പോൾ ഓരോ കാണിയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

muthukad show-4

പിതാവിന് നൽകുന്ന ആദരം എന്നതിനപ്പുറം, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തന്റെ പുതിയ ദൗത്യം പ്രഖ്യാപിക്കാനും മുതുകാട് ഈ വേദി ഉപയോഗിച്ചു.

കാസർഗോഡ് സ്ഥാപിക്കുന്ന 'ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്' (IIPD) എന്ന സ്ഥാപനം, ഭിന്നശേഷിക്കാരുടെ കഴിവുകളെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന ഒരു വേദിയാകും.

തന്റെ പിതാവ് തന്ന വിശ്വാസം പോലെ, ഈ കുട്ടികൾക്കും ഒരു ലോകം ഉണ്ടാക്കിക്കൊടുക്കാനാണ് തന്റെ ശ്രമം എന്ന് അദ്ദേഹം വ്യക്തമാക്കി.

muthukad show-5

ഇന്ത്യൻ മാന്ത്രികലോകത്തെ അതികായനായ പി.സി. സർക്കാർ ജൂനിയർ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് ഏറെ ശ്രദ്ധേയമായി.

പി.വി. അബ്ദുൽ വഹാബ് എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, രാജ്പാൽ മീന ഐ.പി.എസ്, പി.വി. ചന്ദ്രൻ, ബിഷപ്പ് താമരശ്ശേരി, ബിഷപ്പ് കോഴിക്കോട് തുടങ്ങിയ പ്രമുഖരും ഈ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 

നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ മുതുകാടിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ നേർന്നത്. ഒരു മകന്റെ സ്നേഹവും അതിൽ നിന്നുയർന്ന ഒരു വലിയ സ്വപ്നവും കണ്ടറിഞ്ഞാണ് അവർ മടങ്ങിയത്.

Advertisment