കോഴിക്കോട്: വയോധികയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്.
മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയായ അമ്മിണിയെ ആണ് മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.
മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്.
എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്റൂമിലേക്ക് പോയി.
തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു.
ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു.