/sathyam/media/media_files/2025/08/23/v-k-sanoj-2025-08-23-17-39-53.jpg)
കോഴിക്കോട്: മുകേഷ് എംഎൽഎക്ക് എതിരായ ലൈംഗികാതിക്രമ കേസും രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസും ഒരുപോലെയല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.
മുകേഷിനെതിരായ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മുകേഷിനെതിരെ പരാതി കൊടുത്ത ആൾക്കെതിരെ വേറെ കേസും നടക്കുന്നുണ്ട്.
എന്നാൽ രാഹുലിനെതിരെ ഓരോ ദിവസവും നിരവധി പെൺകുട്ടികളാണ് പരാതിയുമായി വരുന്നത്.
ഗർഭത്തിലുള്ള കുഞ്ഞിനെ കൊല്ലാനാണ് പറയുന്നത്. ഇതിൽപ്പരം മറ്റൊരു ക്രിമിനൽ കുറ്റമില്ല. കോൺഗ്രസിലെ വനിതാ നേതാക്കൾ തന്നെ രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
രാഹുലിനെ സംരക്ഷിക്കാൻ ഷാഫി പറമ്പിൽ കൂട്ടുനിൽക്കുകയാണെന്നും സനോജ് ആരോപിച്ചു. രാഹുലിന്റെ പ്രധാന സ്‌പോൺസറാണ് ഷഫി. മാധ്യമങ്ങൾ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴുണ്ടായ വെളിപ്പെടുത്തലൊന്നും ഷാഫി അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ പോലും രാഹുലിനെ തള്ളിപ്പറയാൻ ഷാഫി തയ്യാറാകുന്നില്ല.
ഇപ്പോഴും കേസുണ്ടോ പരാതിയുണ്ടോ എന്നൊക്കെ ചോദിച്ച് രാഹുലിനെതിരെ ആരോപണമുന്നയിച്ച പെൺകുട്ടികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനമാണ് ഷാഫി സ്വീകരിക്കുന്നതെന്നും സനോജ് പറഞ്ഞു.