/sathyam/media/media_files/5esTBZ2NwqIy5hTzA4bv.jpg)
കോഴിക്കോട്: രാഹുലിനെ പാലക്കാട് സജീവമാക്കാൻ എ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ. താൻ ഓഫീസിലിരുന്ന് ജനങ്ങളെ കണ്ടതാണെന്നും അവിടെ മാധ്യമങ്ങളുമുണ്ടായിരുന്നു എന്നും ഷാഫി പറഞ്ഞു.
താൻ പോകാത്ത വീട്ടിൽ വെച്ച് യോഗം ചേർന്നുവെന്നാണ് വാർത്തയെന്നും ഷാഫി പറഞ്ഞു. സി.ചന്ദ്രന്റെ വീട്ടിൽ വെച്ച് എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു വാർത്ത.
സി. ചന്ദ്രൻ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി. മാധ്യമങ്ങളുടെ വിശ്വാസ്യത കളയുന്ന വാർത്തായാണെന്നും ശരിയല്ലെന്ന് മനസിലായിട്ടും തിരുത്തി വാർത്ത നൽകുന്നില്ലെന്നും ഷാഫി ആരോപിച്ചു.
രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മണ്ഡലത്തിൽ വരണോ വേണ്ടേയെന്ന് അയാൾ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി.
വടകരയിൽ കേട്ടാലറക്കുന്ന തെറിയും ഭീഷണിയുമുണ്ടായതിനാലാണ് പ്രതികരിച്ചതെന്നും തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടേയെന്ന് പൊലീസ് കരുതി. പൊലീസിന് വേണമെങ്കിൽ വഴി തിരിച്ചുവിടാമായിരുന്നുവെന്നാണ് ഷാഫി പറഞ്ഞത്.