കോഴിക്കോട് കലക്‌ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് മോശം പെരുമാറ്റം. ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി. കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ പൊലീസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർ നടപടിയിലേക്ക് നീങ്ങും

New Update
2671291-kozhikode-collectorate

കോഴിക്കോട്: കലക്‌ടറേറ്റിൽ നടന്ന ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ഗുരുതര പരാതി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആഘോഷ വേളയിലാണ് സംഭവം ഉണ്ടായത്.

Advertisment

സ്റ്റാഫ് കൗൺസിലും റവന്യൂ റിക്രിയേഷൻ ക്ലബ്ബും ചേർന്നാണ് ഓഗസ്റ്റ് 28ന് കലക്‌ടറേറ്റിൽ ഓണാഘോഷം സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ജീവനക്കാരിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

നേരത്തെ കലക്‌ടറേറ്റിൽ ജോലി ചെയ്തിരുന്ന പരാതിക്കാരി, സ്ഥലംമാറ്റത്തെ തുടർന്ന് മറ്റൊരു സർക്കാർ ഓഫീസിലാണിപ്പോൾ ജോലി ചെയ്യുന്നത്.

സംഭവത്തെ തുടർന്ന് കലക്ടറുൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ആഭ്യന്തര അന്വേഷണ സമിതി പരാതിക്കാരിയുടേയും പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവരുടേയും മൊഴി രേഖപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് ലഭിക്കും.

പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് പൊലീസ് ഏറ്റെടുക്കുകയും ക്രിമിനൽ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. 

Advertisment