Advertisment

സര്‍ക്കാരിന്‍റെ 'നോ ടു ഡ്രഗ്സ്' കാമ്പയിന് ഊര്‍ജ്ജം പകരാന്‍ ഐടി കമ്പനി സിഇഒ മാരുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ജിടെക് മാരത്തണ്‍ പ്രമോഷണല്‍ റണ്‍ നടത്തി

New Update
marathon145

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ 'നോ ടു ഡ്രഗ്സ്' കാമ്പയിന് ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് നടന്ന മാരത്തണില്‍ 50-ലധികം ഐടി കമ്പനികളുടെ സിഇഒമാര്‍ പങ്കുചേര്‍ന്നു. 

Advertisment

അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ജിടെക് മാരത്തണിന്‍റെ മുന്നോടിയായിട്ടാണ് പ്രമോഷണല്‍ റണ്‍ സംഘടിപ്പിച്ചത്. 250 ഓളം പേരാണ് മാരത്തണില്‍ പങ്കെടുത്തത്.


കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിനെയും യുഎല്‍ സൈബര്‍പാര്‍ക്കിനെയും ബന്ധിപ്പിച്ച് നടന്ന അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് സംഘടിപ്പിച്ചത്.


യുഎല്‍ സൈബര്‍പാര്‍ക്ക് സിഒഒ കിഷോര്‍ കുമാര്‍ ടി.കെ, സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ടാറ്റ എല്‍ക്സി (കോഴിക്കോട്) സെന്‍റര്‍ ഹെഡ് ശരത് എം നായര്‍, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഇന്‍ ഇന്ത്യ സെക്ടര്‍ ലീഡ് (ടെക്നോളജി) സിജോയ് തോമസ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റും ഏസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയുമായ നിത്യാനന്ദ് കമ്മത്ത്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്‍റും ഉപദേശകനും സെക്യൂറ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ എം.എ മെഹബൂബ്, കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0) ചെയര്‍മാന്‍ അജയന്‍ കെ അനാട്ട് എന്നിവര്‍ ചേര്‍ന്ന് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.


ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് കാമ്പയിന്‍ ശ്രമിക്കുന്നതെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉപയോഗം സമൂഹത്തിന് വന്‍ നാശമാണ് സൃഷ്ടിക്കുന്നത്. 

ഇതിനെതിരെ 'നോ ടു ഡ്രഗ്സ്', 'യെസ് ടു ഫിറ്റ്നസ്' എന്നീ സന്ദേശവുമായി എല്ലാവരും മുന്നോട്ടു വരണം. കേരളത്തെ ലഹരിമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റമായി ഇതുപോലുള്ള പ്രചാരണങ്ങളെ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജിടെക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കാബോട്ട് സൊല്യൂഷന്‍സ് സിഇഒ വെങ്കിടേഷ് ത്യാഗരാജന്‍, കെന്നഡിസ് ഐക്യു സിഇഒ ടോണി ജോസഫ്, സൂണ്ടിയ സിഇഒ അരുണ്‍ ശ്രീധരന്‍, സോഫ്റ്റ്നോട്ടോണ്‍സ് ടെക്നോളജീസ് സ്ഥാപകനും സിഇഒയും ജിടെക് കേരള മാരത്തണ്‍ 2025 റേസ് ഡയറക്ടറുമായ റോണി സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഫെബ്രുവരി 9 ന് തിരുവനന്തപുരത്ത് നടക്കുന്ന ജിടെക് മാരത്തണിന്‍റെ മൂന്നാം പതിപ്പില്‍ ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള 7,500 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ - 5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുന്നത്

Advertisment