കെപിസിസി ഭാരവാഹിക പട്ടിക ഒരാഴ്ചക്കകം. ഒമ്പത് വൈസ് പ്രസിഡന്റുമാരും 40 ജനറല്‍ സെക്രട്ടറിമാരും 90ഓളം സെക്രട്ടറിമാരും പരിഗണനയില്‍. ഡിസിസി പ്രസിഡന്റുമാരെയും പരിഗണിച്ചേക്കും. അടുത്തയാഴ്ച പാട്‌നയില്‍ നടക്കുന്ന എക്സ്റ്റന്‍ഡഡ് വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ വെച്ച് അന്തിമ ധാരണ. അടുത്ത ഞായറാഴ്ചക്കകം പട്ടിക പുറത്തു വന്നേക്കും

വര്‍ക്കിങ്ങ് കമ്മിറ്റി അംഗമായ ഡോ.ശശി തരൂരും പ്രത്യേക ക്ഷണിതാക്കളായ കൊടിക്കുന്നില്‍ സുരേഷും രമേശ് ചെന്നിത്തലയും പാറ്റ്‌നയിലെ യോഗത്തിന് എത്തുന്നുണ്ട്.

New Update
Untitled

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണ വിവാദം ഒന്നടങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസിലെ പുന:സംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

Advertisment

തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് പട്ടിക പ്രഖ്യാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്.


സംസ്ഥാനത്തെ നേതാക്കളുമായി കെ.പി.സി.സിയുടെ പുതിയ നേതൃത്വം നടത്തിയ ചര്‍ച്ച ഏതാണ്ട് പൂര്‍ത്തായിട്ടുണ്ട്. കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടികയുടെ ഘടന, ആരെയൊക്കെ ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്തണം എന്നിവയില്‍ ഏകദേശ ധാരണ രൂപപ്പെട്ടതായാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.

നേരത്തെ തയാറാക്കിയ പട്ടികയുമായി എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ജംബോ ഭാരവാഹി പട്ടികയ്ക്ക് തന്നെയാണ് നേതാക്കള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. 9 വൈസ് പ്രസിഡന്റുമാരാണ് പുതിയ പട്ടികയില്‍ ഉണ്ടാകുക. നിലവില്‍ നാല് വൈസ് പ്രസിഡന്റുമാരാണ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉളളത്.

vd satheesan sunny joseph-2


ജനറല്‍ സെക്രട്ടറിമാരുടെ എണ്ണവും കുത്തനെ ഉയര്‍ത്താനാണ് ധാരണ.40 ജനറല്‍ സെക്രട്ടറിമാര്‍ പട്ടികയില്‍ ഉണ്ടാകും. നിലവില്‍ 24 ജനറല്‍ സെക്രട്ടറിമാരാണ് സംസ്ഥാനത്ത് ഉളളത്. ജനറല്‍ സെക്രട്ടറിമാരുടെ ഇരട്ടി എന്നതാണ്  സെക്രട്ടറിമാരെ നിയമിക്കുന്നതിന് പരിഗണിക്കുന്ന അനുപാതം. എന്നാല്‍ ഇപ്പോഴത്തെ ധാരണപ്രകാരം 90 സെക്രട്ടറിമാര്‍ കെ.പി.സി.സിക്ക് ഉണ്ടാകും.


അതായത് ജനറല്‍ സെക്രട്ടറിമാരുടെ ഇരട്ടിയേക്കാള്‍ പത്ത് പേര്‍ കൂടുതല്‍. വി.പ്രതാപചന്ദ്രന്റെ മരണത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന കെ.പി.സി.സി ട്രഷറര്‍ സ്ഥാനവും ഇപ്പോഴത്തെ പുന:സംഘടനയില്‍ നികത്തും. തിരുവനന്തപുരം ഡി.സി.സിയുടെ മുന്‍ അധ്യക്ഷനും മുന്‍ എം.എല്‍.എയും ആയിരുന്ന അഡ്വ.കെ.മോഹന്‍കുമാറിനെയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ജ്യോതികുമാര്‍ ചാമക്കാലയേയും ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ജംബോ കമ്മിറ്റി അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ് ആദ്യവാരം സമര്‍പ്പിച്ച പുന:സംഘടനാ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ തളളിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എല്ലാവരെയും ഉള്‍ക്കൊളളണമെന്നും പാര്‍ട്ടിയില്‍ അപസ്വരങ്ങള്‍ ഇല്ലാതാക്കാന്‍ ഭാരവാഹികളുടെ എണ്ണം കൂട്ടേണ്ടത് അനിവാര്യമാണ് എന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.


മുന്‍ കമ്മിറ്റികളിലെ ഭാരവാഹികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ എല്ലാവരെയും പരിഗണിക്കാന്‍ ജംബോ പട്ടിക കൂടിയേ തീരുവെന്നും നേതൃത്വം പറയുന്നു. കെ.പി.സി.സി പുന:സംഘടന പട്ടികക്ക് ഒപ്പം പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടികയും പ്രഖ്യാപിക്കാനാണ് ധാരണ.


തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ തുടങ്ങാനിരിക്കുകയാണ്. ഇതിന് മുന്‍പ് ഭാരവാഹി പട്ടിക പ്രഖ്യാപിക്കാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഒരാഴ്ചക്കുളളില്‍ പുന:സംഘടന പൂര്‍ത്തിയാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

ബുധനാഴ്ച ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ എക്സ്റ്റന്‍ഡഡ് വര്‍ക്കിങ്ങ് കമ്മിറ്റി വേദിയില്‍ വെച്ച് സംസ്ഥാന
കോണ്‍ഗ്രസിലെ പുന:സംഘടനാ പട്ടികയ്ക്ക് അന്തിമ രൂപമാകും. സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ചചെയ്ത് രൂപം കൊടുത്ത പട്ടിക സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്ക് പാറ്റ്‌ന വേദിയാകും.


എക്സ്റ്റന്‍ഡഡ് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെ പ്രധാന നേതാക്കളെല്ലാം പാറ്റ്‌നയില്‍ എത്തുന്നുണ്ട്. എക്സ്റ്റന്‍ഡഡ് വര്‍ക്കിങ്ങ് കമ്മിറ്റിയായതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ക്ഷണമുണ്ട്.


ഇരുവരും ചൊവ്വാഴ്ച വൈകുന്നേരം പാറ്റ്‌നയിലേക്ക് തിരിക്കും. വര്‍ക്കിങ്ങ് കമ്മിറ്റി അംഗമായ ഡോ.ശശി തരൂരും പ്രത്യേക ക്ഷണിതാക്കളായ കൊടിക്കുന്നില്‍ സുരേഷും രമേശ് ചെന്നിത്തലയും പാറ്റ്‌നയിലെ യോഗത്തിന് എത്തുന്നുണ്ട്.

chennithala

പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഇടവേളയില്‍ കേരളത്തിലെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളും പൂര്‍ത്തിയാക്കി ഹൈക്കമാന്‍ഡിന് പട്ടിക കൈമാറാനാണ് ധാരണ.

കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടാക്കി കൈമാറുന്ന പട്ടികയില്‍ കാര്യമായ തിരുത്തല്‍ വരുത്താന്‍ ഹൈക്കമാന്‍ഡ് തയാറാകില്ല. അതുകൊണ്ടുതന്നെ അടുത്ത ഞായറാഴ്ചക്കകം പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Advertisment