'പകുതി പട്ടിക ഉടന്‍'. കെ.പി.സി.സിയുടെ പകുതി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും. വരാനിരിക്കുന്നത് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ പട്ടിക. സെക്രട്ടറിമാര്‍, ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവയില്‍ ചര്‍ച്ച തുടരുന്നു. ജംബോ പട്ടിക പുറത്തിറക്കിയാല്‍ പാര്‍ട്ടി തകരുമെന്ന് മുന്നറിയിപ്പുമായി യുവനേതാക്കള്‍

നിലവില്‍ സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെയും പട്ടിക ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Untitled

തിരുവനന്തപുരം: നാളുകളായി ഇഴഞ്ഞ് നീങ്ങുന്ന പുന:സംഘടനാ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.പി.സി.സിയുടെ പകുതിയോളം ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ പട്ടികയാണ് വരാനിരിക്കുന്നത്. 

Advertisment

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പത്ത് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് കെട്ടുറപ്പുള്ള സംഘടനാശേഷി നല്‍കാനാണ് പുന:സംഘടന നടത്തുന്നത്.


നിലവില്‍ സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെയും പട്ടിക ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിന് ആനുപാതികമായാവും സെക്രട്ടറിമാരെ നിയമിക്കുക. 

Untitled

നിലവില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 40 ആകാനുള്ള സാധ്യതകളാണുള്ളത്. ജംബോ പട്ടിക വേണ്ടെന്ന മുന്നറിയിപ്പാണ് ഭൂരിഭാഗം നേതാക്കളും നല്‍കുന്നത്. സംഘടനാശേഷിയും പ്രവര്‍ത്തനമികവുമുള്ളവരെ നിയമിക്കണമെന്നാണ് എ.ഐ.സി.സിയുടെ നിര്‍ദ്ദേശം. 

സംസ്ഥാനത്ത് ഇനി ഭരണം പിടിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും അതില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നുമാണ് ഹൈക്കമാന്റ് നല്‍കുന്ന സന്ദേശം. അതുകൊണ്ട് തന്നെ യുവാക്കളും പരിചയസമ്പത്തുള്ളവരും ഒത്തിണങ്ങുന്ന പട്ടികയാവും പുറത്തിറങ്ങുക.

വൈസ് പ്രസിഡന്റുമാരുടെ എണ്ണത്തിലും വ്യത്യാസം വന്നേക്കും. നിലവില്‍ നാല് വൈസ് പ്രസിഡന്റുമാരാണുള്ളത്. മൂന്നു മുതല്‍ അഞ്ച് വരെ ഇനിയും അത് കൂടിയേക്കാം. സംസ്ഥാനത്ത് നിന്നും ചര്‍ച്ച ചെയ്ത് ധാരണയിലെത്തുന്ന പട്ടികയ്ക്ക് എ.ഐ.സി.സിയുടെ അംഗീകാരം കൂടി നല്‍കിയ ശേഷമാവും പുറത്തിറക്കുക. 


പട്ടിക പ്രഖ്യാപിച്ച ശേഷം അപസ്വരങ്ങളില്ലാതിരിക്കാന്‍ നേതാക്കള്‍ തമ്മിലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുമായും എല്ലാവരും നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. 


ചില ജില്ലകളിലെ ഡി.സി.സി അദ്ധ്യക്ഷമാരെ തീരുമാനിക്കുന്നതിലുള്ള നേതാക്കളുടെ കടുംപിടുത്തമാണ് ഡി.സി.സി പുന:സംഘടന നീളാന്‍ കാരണമാകുന്നത്. ഡി.സി.സി അദ്ധ്യക്ഷന്‍മാരെ ഇനി തദ്ദേശത്തിരഞ്ഞെടുപ്പിന് ശേഷമാവും മാറ്റുകയെന്നും സൂചനകളുണ്ട്.

Advertisment