/sathyam/media/media_files/2025/07/27/untitledairindia1kpcc-2025-07-27-15-07-43.jpg)
തിരുവനന്തപുരം: കെ.പി.സി.സി നേതൃതലത്തിലെയും ഡി.സി.സി തലത്തിലെയും പുന:സംഘടന ഒരാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന നേതൃത്വം. പുന:സംഘടന സംബന്ധിച്ച് സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഒരുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു.
കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷന്മാര്‍, സംസ്ഥാനത്ത് നിന്നുളള പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രധാനപ്പെട്ട എം.പിമാര്‍, പ്രധാന നേതാക്കള്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്.
പുന:സംഘടന സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം അറിയുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഗ്രൂപ്പ് നേതാക്കന്മാര്‍ കൂടിയായി അറിയപ്പെടുന്ന പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അടക്കമുളളവരോട് പട്ടിക തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക അതേപടി അംഗീകരിക്കുക സാധ്യമല്ലെങ്കിലും അതില്‍ മെറിറ്റുളളവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്.
എന്നാല്‍ ഗ്രൂപ്പിന് ഭാരവാഹിത്വത്തില്‍ എത്ര എണ്ണം കിട്ടുമെന്ന് അറിഞ്ഞശേഷം പട്ടിക കൈമാറാനാണ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കളുടെ തീരുമാനം. ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിന് എത്ര ഭാരവാഹികളെ കിട്ടുമെന്ന് അറിയാന്‍ മുന്‍ എം.എല്‍എ ജോസഫ് വാഴക്കനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ചര്‍ച്ചക്കെത്തിയപ്പോള്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എയെയും ഒപ്പം കൂട്ടിയതില്‍ രമേശിന് കടുത്ത എതിര്‍പ്പുണ്ട്. കേരളത്തിലെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാളായ തന്നെ കാണാനെത്തുമ്പോള്‍ കൂടെ വര്‍ക്കിങ്ങ് പ്രസിഡന്റിനെയും കൊണ്ടുവന്നത് ശരിയായില്ലെന്ന വികാരത്തിലാണ് ചെന്നിത്തല.
ചെന്നിത്തല ഗ്രൂപ്പിലുളള മറ്റ് നേതാക്കളും ഇതേ വികാരം പങ്കുവെയ്ക്കുന്നു. പുന:സംഘടനയില്‍ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയിരുന്നെങ്കിലും കെ.പി.സി.സി. അധ്യക്ഷനൊപ്പം വിഷ്ണുനാഥിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ കൈമറാന്‍ ചെന്നിത്തല കൂട്ടാക്കിയില്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായുളള കൂടിക്കാഴ്ചയിലും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഒപ്പം വര്‍ക്കിങ്ങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉണ്ടായിരുന്നു. എന്നാല്‍ പുന:സംഘടന സംബന്ധിച്ച സംസാരം തുടങ്ങിയപ്പോള്‍ പി.സി വിഷ്ണുനാഥിനോട് പുറത്തിരിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു.
ഇതോടെ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും മാത്രമായി. രമേശും ഇതേരീതി പിന്തുടര്‍ന്നിരുന്നു എങ്കില്‍ ഇനിയൊരുവട്ടം കൂടി പുന:സംഘടനാ വിഷയത്തില്‍ വീണ്ടും ഒരിക്കല്‍കൂടി ചര്‍ച്ചക്ക് ഇരിക്കുന്നത് ഒഴിവാക്കാമായിരുന്നു. ഡി.സി.സി പുന: സംഘടനയില്‍ രണ്ട് ഡി.സി.സി -കളില്‍ തന്റെ വിശ്വസ്തരെ നിയമിക്കണമെന്നാണ് ചെന്നിത്തലയുടെ താല്‍പര്യം.
ആലപ്പുഴ, പാലക്കാട് ഡി.സി.സികളാണ് ചെന്നിത്തല ഉന്നമിടുന്നത്. കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് നാലോ അഞ്ചോ പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ചെന്നിത്തല ഗ്രൂപ്പ് തയാറാക്കിയിരിക്കുന്നത്.
ബി.ബാബുപ്രസാദ്, പി.ടി.അജയ് മോഹന്‍, ജ്യോതികുമാര്‍ ചാമക്കാല, ഐ.കെ.രാജു, ഫിലിപ്പ് ജോസഫ് തുടങ്ങിയവരുടെ പേരുകളാണ് ചെന്നിത്തല കെ.പി.സി.സി നേതൃത്വത്തിന് കൈമാറാന്‍ തയാറാക്കി വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ സ്വീകാര്യതയുളള ജ്യോതികുമാര്‍ ചാമക്കാല കെ.പി.സി.സിയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടേക്കും. പ്രതാപ ചന്ദ്രന്റെ മരണത്തിന് ശേഷം രണ്ടര വര്‍ഷത്തിലേറെയായി കെ.പി.സി.സി ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
കെ.സുധാകരന്‍ അധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹവും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ട്രഷററുടെ ചുമതല നിര്‍വ്വഹിച്ച് പോന്നിരുന്നത്. പുതിയ നേതൃനിര വരുന്നതിനൊപ്പം ട്രഷററെയും നിയമിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് ഉണ്ടായില്ല.
എന്നാല്‍ കെ.പി.സി.സി പുനസംഘടനയില്‍ ട്രഷററെയും നാമനിര്‍ദേശം ചെയ്യുമെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ ഉറപ്പ്. ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഖജനാവിന്റെ ചുമതലക്കാരനായിരുന്ന ജ്യോതികുമാര്‍ ചാമക്കാലയെ ട്രഷററാക്കുന്നതില്‍ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എല്ലാം യോജിപ്പാണ്.
ഗ്രൂപ്പിന്റെ അക്കൗണ്ട് എന്നതിലുപരി ആക്ഷേപങ്ങളില്ലാതെ ചുമതല നിര്‍വ്വഹിച്ചതിലുളള അംഗീകാരമാണ് ജ്യോതികുമാര്‍ ചാമക്കാലക്ക് നല്‍കുന്നതെന്നാണ് നേതൃത്വത്തിലുളള അഭിപ്രായം.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി,കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എന്നിവയിലേക്കും ജ്യോതികുമാറിനെ പരിഗണിച്ചിരുന്നെങ്കിലും പത്തനാപുരം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അത്തരം ചുമതലകള്‍ ഏറ്റെടുക്കാന്‍ ജ്യോതികുമാറിനും വൈമുഖ്യമുണ്ട്.