/sathyam/media/media_files/2025/08/16/untitledtrmp-2025-08-16-08-55-55.jpg)
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതിനെയും നിലനിര്‍ത്തുന്നതിനെയും ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പുന:സംഘടന വിവിധ ഘട്ടങ്ങളായി നടത്താന്‍ നേതൃതലത്തില്‍ ധാരണ.
ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം ഉടനെ എങ്ങും സമവായത്തിലെത്താന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് പുന:സംഘടന പട്ടിക ഘട്ടം ഘട്ടമായി പ്രഖ്യാപിക്കാന്‍ ധാരണയിലെത്തുന്നത്.
തര്‍ക്കത്തെ തുടര്‍ന്ന് പുന:സംഘടന നീണ്ടു പോകുന്നതില്‍ കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും ഒരുപോലെ അതൃപ്തിയുണ്ട്.
പുന:സംഘടന ഇനിയും നീണ്ടു പോയാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ആദ്യം കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഈമാസം 20നകം ഒന്നാം ഘട്ട പട്ടിക പ്രഖ്യാപിക്കാനായേക്കുമെന്നാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ജനറല്‍ സെക്രട്ടറിമാരുടെ പ്രഖ്യാപനത്തിന് ശേഷം ധാരണയാകുന്ന മുറക്ക് ഡി.സി.സി പ്രസിഡന്റുമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും ട്രഷററെയും പ്രഖ്യാപിക്കും. എ.ഐ.സി.സി മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കികൊണ്ടായിരിക്കും കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുക.
ഇതോടെ ജംബോ പട്ടിക ചുരുക്കാനാകും എന്നാണ് ധാരണ. നിലവില്‍ 23 ജനറല്‍ സെക്രട്ടറിമാരാണ് കെ.പി.സി.സിക്ക് ഉളളത്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം മുപ്പതായി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്ന പാലോട് രവി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
പാലോട് രവിയുടെ രാജിക്ക് ഇടയാക്കിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ കുറിച്ച് അന്വേഷിച്ച് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.പി.സി.സിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പാലോട് രവിയോട് സംസാരിക്കുന്ന വാമനപുരത്തെ പ്രാദേശിക നേതാവാണ് സംഭാഷണം റെക്കോഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് പറയുന്ന റിപോര്‍ട്ട് പാലോട് രവിയെ കുറ്റവിമുക്തനാക്കുന്നതാണ്.
വിവാദത്തില്‍ കുറ്റവിമുക്തനാകുന്ന പശ്ചാത്തലത്തിലാണ് പാലോട് രവിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ടി. ശരത്ചന്ദ്രപ്രസാദും ജനറല്‍ സെക്രട്ടറിയായേക്കും. ആലപ്പുഴ ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സാമുദായിക പ്രാതിനിധ്യം അനുകൂലമല്ലാത്തതിനാല്‍ കെ.പി.ശ്രീകുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും.
പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് വിലയിരുത്തലുളള ജനറല്‍ സെക്രട്ടറിമാരെ മാറ്റും. അഡ്വ.ജി.സുബോധനന്‍, മാരായമുട്ടം ശ്രീകുമാര്‍, ജി.എസ്.ബാബു, എം.ജെ.ജോബ്, ജോസി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍,കെ.കെ. എബ്രഹാം എന്നിവര്‍ മാറാനാണ് സാധ്യത.
പുല്‍പ്പളളിയിലെ സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന ജയിലിലായ കെ.കെ.എബ്രഹാമിനെതിരെ നടപടി എടുത്തിരുന്നു. 24 ജനറല്‍ സെക്രട്ടറിമാരില്‍ ഒരു ഒഴിവുണ്ട്. ജി.പ്രതാപവര്‍മ്മ തമ്പാന്‍ മരിച്ച ഒഴിവാണിത്. ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന ചില നേതാക്കളെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നത് സംബന്ധിച്ച് ധാരണയിലെത്താതിനാല്‍ വൈസ് പ്രസിഡന്റുമാരെ ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം പ്രഖ്യാപിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിയമിക്കപ്പെടുന്നവരെ അടക്കം നിശ്ചിയിക്കുന്നത് എ.ഐ.സി.സി മാനദണ്ഡപ്രകാരം ആയിരിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കനാണ് തീരുമാനം.
ഡി.സി.സി അധ്യക്ഷന്മാരായിരുന്നവരെയോ കെ.പി.സി.സി ട്രഷററായിരുന്നവരെയോ പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാരായിരുന്നവരെ മാത്രമേ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുകയുളളു.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് എന്നിവയാണ് പോഷക സംഘടനകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. കെ.പി.സി.സി സെക്രട്ടറി നിയമനത്തിനും മാനദണ്ഡം കര്‍ശനമായി നടപ്പിലാക്കും.
കെ.പി.സി.സി നിര്‍വാഹക സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരിക്കുന്നതിനൊപ്പം ഡി.സി.സി ഭാരവാഹിയോ പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹി ആയിരുന്നവരെ മാത്രമേ കെ.പി.സി.സി സെക്രട്ടറിയായി തിരഞ്ഞെടുക്കുകയുളളു. ഇതോടെ ഇപ്പോള്‍ നൂറ് കടന്ന ഭാരവാഹി പട്ടിക ചുരുങ്ങുമെന്നാണ് പ്രതീക്ഷ.