/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനാ പട്ടിക പ്രഖ്യാപനം ഈമാസം 12ന് ശേഷം മാത്രം. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻെറ കരട് വോട്ടർ പട്ടിക തിരുത്തലിനുളള സമയ പരിധി കഴിഞ്ഞ് പട്ടിക പ്രഖ്യാപിച്ചാൽ മതിയെന്നാണ് നേതൃത്വത്തിലെ ധാരണ.
വോട്ടർ പട്ടികയിലെ അപാകതകൾ നീക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന സമയം 12ാം തീയതിയാണ് അവസാനിക്കുന്നത്. വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തുന്നതിനുളള ജോലികൾ ഏകോപിപ്പിക്കുന്നത് ജില്ലാ അധ്യക്ഷന്മാരാണ്.
നേതാക്കൾ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനിടെ ജില്ലാ അധ്യക്ഷന്മാരെ മാറ്റിയാൽ ഇതെല്ലാം അവതാളത്തിലാകും.
അതുകൊണ്ടാണ് പുന:സംഘടനാ പട്ടിക പ്രഖ്യാപനം 12 കഴിഞ്ഞ് മതിയെന്ന ധാരണയിൽ എത്തിയിരിക്കുന്നത്. 12 കഴിഞ്ഞ് ഏത് ദിവസവും പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് കെ.പി.സി.സി നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം നേതൃത്വം കൈമാറിയ പട്ടിക ചുരുക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം എന്തുവന്നാലും 100 കടക്കരുതെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.
വൈസ് പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷററർ എന്നിവരടങ്ങുന്ന ഭാരവാഹികളുടെ പട്ടികയാണ് 100ആയി പരിമിതപ്പെടുത്തണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 9 ജില്ലകളിലെ ഡി.സി.സി പ്രസിഡൻറുമാർ മാറുമെന്ന് ഉറപ്പായി. അടുത്തിടെ മാത്രം നിയമിതനായ തൃശൂർ ഡി.സി.സി അധ്യക്ഷനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഹൈക്കമാൻഡ് വിലിയിരുത്തലുളള എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡി.സി.സി പ്രസിഡൻറുമാരാണ് തുടരുക.
തിരുവനന്തപുരം ജില്ലയിൽ പാലോട് രവിയുടെ രാജിക്ക് പിന്നാലെ താൽക്കാലിക അധ്യക്ഷനായി വന്ന എൻ.ശക്തൻ ഡി.സി.സി പ്രസിഡൻറായി തുടരാനാണ് സാധ്യത.
തലസ്ഥാന ജില്ലയിലെ നിർണായക വോട്ട് ബാങ്കായ നാടാർ വിഭാഗത്തിൽ നിന്നുളള നേതാവ് ആയതിനാലാണ് ശക്തന് വലിയ പരിഗണന കിട്ടാൻ കാരണം.
ഹിന്ദു-ക്രിസ്ത്യൻ നാടാർ വിഭാഗത്തിൻെറ പിന്തുണ ലഭിക്കേണ്ടത് തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനിവാര്യമാണ്. ഈ വിഭാഗത്തിൽ ശക്തനോളം സ്വാധീനമുളള നേതാക്കൾ കോൺഗ്രസിൽ വേറെയില്ല.
അതുകൊണ്ടുതന്നെ ഡി.സി.സി അധ്യക്ഷനായി എൻ.ശക്തൻ തുടരട്ടെയെന്നാണ് നേതൃത്വത്തിൻെറ താൽപര്യം. എന്നാൽ ഡി.സി.സി അധ്യക്ഷ പദവി ആഗ്രഹിച്ചിരുന്ന മറ്റ് നേതാക്കളെല്ലാം ഇതിനെ നഖശിഖാന്തം എതിർക്കുകയാണ്.
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ശക്തനെ ഡി.സി.സി അധ്യക്ഷനാക്കുന്നത് തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിക്ക് ഗുണകരമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ എതിർപ്പ് പരസ്യമാകാനും സാധ്യതയുണ്ട്.
ശക്തൻെറ പേരിനൊപ്പം മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ, ടി.ശരത്ചന്ദ്ര പ്രസാദ് എന്നിവരെയാണ് തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഏത് നേതാവ് ജില്ലാ അധ്യക്ഷനായി വന്നാലും നേരിയ തോതിലെങ്കിലും പൊട്ടിത്തെറിയുണ്ടാകാനാണ് സാധ്യത. കൊല്ലം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സി.ആർ.മഹേഷ് എം.എൽ.എ, സൂരജ് രവി,സവിൻ സത്യൻ, എന്നിവരാണ് പരിഗണനയിലുളളത്.
അസംബ്ളി മണ്ഡലത്തിൽ ശ്രദ്ധിക്കേണ്ടതുളളതിനാൽ സി.ആർ.മഹേഷിന് ജില്ലാ അധ്യക്ഷനാകാൻ വിമുഖത ഉണ്ടെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിൽ പഴകുളം മധു, റോബിൻ പീറ്റർ, അനീഷ് വരിക്കണ്ണാമല എന്നിവരെയാണ് പരിഗണിക്കുന്നത്.
കെ.സി വേണുഗോപാലിൻെറയും രമേശ് ചെന്നിത്തലയുടെയും തട്ടകമായ ആലപ്പുഴയിൽ ബി.ബൈജു, രാജേന്ദ്ര പ്രസാദ്, കെ.പി.ശ്രീകുമാർ എന്നിവരിൽ ഒരാൾ ഡി.സി.സി. പ്രസിഡൻറാകും. ഈഴവ പ്രാതിനിധ്യമാകും ആലപ്പുഴയിലെ മുഖ്യപരിഗണനയെന്നാണ് സൂചന.
കോട്ടയം ജില്ലയിൽ ഫിൽസൺ മാത്യു, ബിജു പുന്നന്താനം എന്നിവരെയാണ് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ താൽപര്യം കൂടി കണക്കിലെടുത്താകും കോട്ടയത്തെ നിയമനം.
ഇടുക്കിയിൽ അഡ്വ.എസ്.അശോകൻ, ജോയി വെട്ടിക്കുഴി എന്നിവരുടെ പേരുകളാണുളളത്. പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വി.ടി.ബൽറാമിൻെറ പേര് കൂടി സജീവമായി കടന്നുവന്നിട്ടുണ്ട്.
ബൽറാമിനൊപ്പം സി.ചന്ദ്രൻ,സുമേഷ് അച്യുതൻ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട തൃത്താല മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ബൽറാം ജില്ലാ നേതൃത്വമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നാണ് അറിയാനുളളത്.
വയനാട് ജില്ലയിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി.ജെ ഐസക്ക്, കെ.ഇ.വിനയൻ, കെ.എൽ പൌലോസ് എന്നിവരാണ് പരിഗണനയിലുളളത്. കെ.എൽ.പൌലോസ് മുൻപ് ഡി.സി.സി അധ്യക്ഷ പദവിയിൽ ഇരുന്നിട്ടുളള നേതാവാണ്.
കാസർകോട് ആദ്യം മുതൽ തന്നെ കെ.നീലകണ്ഠനും ബി.എം ജമാലുമാണ് പരിഗണനയിലുളളത്.