തിരുവനന്തപുരം: കേരളത്തിന്റെ പൊതുസ്വത്താണ് പൊതുമേഖലാ സ്ഥാപനങ്ങളെന്നും ഭരണം തീരാറാകുമ്പോള്‍ അവ വിറ്റ് മൂപ്പിറക്കാനുള്ള മുഖ്യമന്ത്രിയുടെ പൂതി കേരളത്തില്‍ നടക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരെ വമ്പിച്ച ജനകീയ പ്രതിരോധമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റപ്പോള്‍ അതിനെതിരെ വന്‍ പ്രചാരണവും സമരങ്ങളും നടത്തിയ പാര്‍ട്ടിയാണിപ്പോള്‍ യുടേണടിച്ചിരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഐഎം ഇക്കാലമത്രയും പറഞ്ഞതിനും പ്രചരിപ്പിച്ചതിനും കടകവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍' എന്ന രേഖയിലുള്ളത്. സിപിഐഎം സമ്മേളനം പച്ചക്കൊടി കാട്ടുന്നതോടെ അതാണിനി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ് സിപിഐഎം. ആളുകളെ തരംതിരിച്ച് എല്ലാത്തിനും ഫീസ് കൂട്ടുന്നു. 9 ബജറ്റുകളില്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങള്‍ ദുസഹമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് പുതിയ നികുതി നിര്‍ദേശം. പുതിയ നികുതികള്‍ നടപ്പാക്കുന്നതിനുമുമ്പേ ഈ സര്‍ക്കാരിനെ പുറത്താക്കുന്ന ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കും.
അധികാരത്തിനും പണത്തിനും വേണ്ടിയുള്ള നയം മതി എന്നതാണ് സിപിഐഎമ്മിന്റെ പുതിയ നയം. അടിസ്ഥാന വര്‍ഗത്തെയും പരമ്പരാഗത വ്യവസായ മേഖലയെയും ഒഴിവാക്കി കോര്‍പറേറ്റുകളെയും ബൂര്‍ഷ്വാകളെയും മൂലധനനിക്ഷേപത്തെയും സിപിഐഎം ഇരുകൈയുംനീട്ടി സ്വീകരിക്കുന്നു. ക്ഷേമം എന്ന വാക്കുപോലും പാര്‍ട്ടിക്കിപ്പോള്‍ അലര്‍ജിയാണ്.
സിപിഐഎമ്മും ബിജെപിയും തമ്മില്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിലും പ്രവര്‍ത്തിയിലും ഇനി വ്യത്യാസമില്ല. കൊല്ലത്ത് ചെങ്കൊടിയും കാവിക്കൊടിയും തമ്മില്‍ കൂട്ടിക്കെട്ടി. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും സിപിഐഎം തയാറല്ല. അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിനെ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും ഫാസിസത്തിന്റെ മാതൃകയാണ്.
സിപിഐഎമ്മിലെയും മന്ത്രിസഭയിലെയും പല നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചപ്പോള്‍ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമാണ് ആശ്ലേഷമുള്ളത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനത്തിന്റെ ഒരു വരിയെഴുതാന്‍ മടിക്കുന്നതാണ് ഇന്നവര്‍ നേരിടുന്ന അപചയമെന്നും കെ.സുധാകരന്‍ പറഞ്ഞു.