/sathyam/media/media_files/2025/12/03/kc-sunny-shafi-rahul-2025-12-03-21-40-26.jpg)
തിരുവനന്തപുരം: എഐസിസി ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയിട്ടും രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം.
രാഹുലിനെതിരെ രണ്ടാമതും ബലാല്‍സംഗ പരാതി ലഭിച്ച ഉടന്‍ എഐസിസി ഇടപെട്ട് രാഹുലിനെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശമാണ് അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം ഉയരുന്നത്.
രാഹുലിനെതിരായ ബലാല്‍സംഗ പരാതി എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ നേരിട്ട് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരുമായി ആശയവിനിമയം നടത്തി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
പാർട്ടിയുടെ അന്തസ്സ് സംരക്ഷിക്കാൻ പര്യാപ്തമായ നിലയിൽ നടപടി സ്വീകരിക്കണം എന്നാണ് വേണുഗോപാൽ സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും വേണുഗോപാൽ പറഞ്ഞിരുന്നു.
പക്ഷേ ഇന്നലെ ഉണ്ടാകുമെന്ന് കരുതിയ നടപടി ഇന്ന് രാത്രിവരെ ആയിട്ടും ഉണ്ടായിട്ടില്ലെന്നതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചത്.
കടുത്ത നടപടി കൂടിയേ തീരൂ എന്ന കാര്യത്തില്‍, രമേശ് ചെന്നിത്തല, കെ മുരളീധരൻ, വിഎം സുധീരന്‍, ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വനിതാ നേതാക്കള്‍ ഒന്നടങ്കവും ഉറച്ചു നില്‍ക്കുയാണ്.
പ്രതിപക്ഷ നിരയിലെ ഏക കോണ്‍ഗ്രസ് ഇതര വനിത എംഎല്‍എ കെ.കെ രമയും രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍ എന്നീ കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ രാഹുലിനെ പിന്തുണക്കുന്നവരായുള്ളത്.
ഈ സാഹചര്യത്തില്‍ രാഹുലിനെതിരായ നടപടി എന്തുകൊണ്ട് വൈകുന്നു എന്നതിന് സണ്ണി ജോസഫ് മറുപടി നല്‍കേണ്ടി വരും.
രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം വരുന്നതിന് മുമ്പ് നടപടി ഉണ്ടാകണം എന്നതാണ് എ സി സി യുടെ നിലപാട്. അല്ലാത്തപക്ഷം അത് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കും എന്ന് നേതൃത്വം കരുതുന്നു. അല്ലെങ്കിൽ മുൻകൂർ ജാമ്യം നിഷേധിച്ചത് കൊണ്ട് പാർട്ടിക്ക് നടപടി എടുക്കേണ്ടി വന്നു എന്ന വിലയിരുത്തൽ ആണ് ഉണ്ടാവുക.
എന്നാൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചാൽ പാർട്ടി നടപടി ഒഴിവാക്കാം എന്ന പ്രതീക്ഷയിലാണ് രാഹുലിനെ അനുകൂലിക്കുന്ന ഷാഫി, വിഷ്ണുനാഥ് ഉൾപ്പെടെയുള്ള സംഘം എന്നാണ് വിലയിരുത്തൽ.
ക്രൂരമായ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ഉയര്‍ന്നിട്ടും ആരോപണ വിധേയനെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കും വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കും കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.
സംസ്ഥാന നേതൃത്വം യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ ദേശീയ നേതൃത്വം നേരിട്ട് വിഷയത്തില്‍ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
മുൻകൂർ ജാമ്യം തള്ളുകയും പാർട്ടിക്ക് നടപടി എടുക്കേണ്ടി വരികയും ചെയ്താൽ അത് കോൺഗ്രസിൽ കെപിസിസി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനത്തിന് ഇടയാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us