/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: ജംബോ പട്ടിക മാത്രമല്ല കെ.പി.സി.സി പുനസംഘടന അനിശ്ചിതത്വത്തിലായതിന് കാരണം നേതാക്കളുടെ കടുംപിടുത്തവും.
സ്വന്തം ഗ്രൂപ്പിൽപ്പെട്ട നേതാക്കളെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.സുധാകരനും മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷും, രാജ് മോഹൻ ഉണ്ണിത്താൻ എംപിയും കടുംപിടുത്തം പിടിച്ചതോടെയാണ് പുനസംഘടന കീറാമുട്ടിയായത്.
ഡി.സി.സികളുടെ കാര്യത്തിൽ തീരുമാനം ആകാതെ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സെക്രട്ടറി തല പുനസംഘടനയിലേക്ക് കടക്കാനാവു. ഡി.സി.സി പുനസംഘടന നേതാക്കളുടെ പിടിവാശിയിൽ തട്ടി നിന്നതോടെ നേതൃതലത്തിലെ പുനസംഘടനയാകെ താളം തെറ്റി.
താൽപര്യമുളള ഡി.സി.സി പ്രസിഡൻറുമാരെ നിലനിർത്താൻ വാശിപിടിച്ച നേതാക്കൾ മറ്റ് ചില ജില്ലകളിൽ ഗ്രൂപ്പിൽ പെട്ടവർക്ക് ബെർത്ത് കിട്ടാനും സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ പുനസംഘടന മൊത്തം അനിശ്ചിതത്വത്തിലായി.
പുനസംഘടനയിൽ ചില അധ്യക്ഷന്മാരെ മാറ്റുന്നതിനെതിരെ സമ്മർദ്ദം ചെലുത്തുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്.
മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർ എന്ന നിലയിൽ നാല് ഡി.സി.സികളിൽ പുനസംഘടന വേണ്ടെന്ന് പറഞ്ഞിരുന്ന നിലപാട് മാറ്റി. തൃശൂർ ഒഴികെ എല്ലാ ഡി.സി.സികളുടെയും അധ്യക്ഷന്മാരെയും മാറ്റാമെന്നാണ് ഹൈക്കമാൻഡിൻെറ പുതിയ നിർദ്ദേശം.
ഇതോടെ സംസ്ഥാനത്തെ 13 ഡി.സി.സി അധ്യക്ഷന്മാരും മാറുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നത് സംബന്ധിച്ച് നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം ഉളളതിനാൽ സംസ്ഥാനത്ത് തന്നെ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കി പട്ടിക കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.
എതിർപ്പുളള നേതാക്കളെ അനുനയിപ്പിക്കുന്നതിനായി കെ.പി.സി.സി നേതൃത്വം ചർച്ചകൾ പുനരാരംഭിച്ചു കഴിഞ്ഞു. പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തി ഒറ്റപ്പേരുമായി എത്താനാണ് ഹൈക്കമാൻഡ് നിർദ്ദേശം.
ഓരോ പദവിക്കും ഹൈക്കമാൻഡ് മുന്നോട്ടുവെച്ച മാനദണ്ഡം കർശനമായി നടപ്പാക്കികൊണ്ട് ഇപ്പോഴത്തെ ജംബോ പട്ടിക ചുരുക്കാനാണ് ധാരണ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, ഡി.സി.സി അധ്യക്ഷൻ, കെ.പി.സി.സി സെക്രട്ടറി എന്നീ പദവികളിൽ ഇരുന്നവരെ മാത്രമേ ജനറൽ സെക്രട്ടറിയായി പരിഗണിക്കു.
പോഷക സംഘടനാ ഭാരവാഹിത്വമോ, ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ ഭാരവാഹിത്വമോ വഹിച്ചവരെ മാത്രമേ കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയുളളു.
ഈ മാനദണ്ഡം കർശനമായി നടപ്പിലാക്കുന്നതോടെ ഇപ്പോഴത്തെ ജംബോ പട്ടിക നൂറിൽ ഒതുങ്ങുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ഓഗസ്റ്റ് 10ന് പുന:സംഘടന പൂർത്തിയാക്കി പട്ടിക പ്രഖ്യാപിക്കാനായിരുന്നു നേതൃതലത്തിലെ ധാരണ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൻെറ വോട്ടർ പട്ടികയിലെ തിരുത്തലിനുളള സമയപരിധി 12 വരെ നീട്ടിയ സാഹചര്യത്തിൽ അതുകഴിഞ്ഞ് പ്രഖ്യാപനം നടത്താം എന്നും കരുതിയിരുന്നു.
എന്നാൽ സ്വന്തക്കാർക്കായി നേതാക്കൾ കടുംപിടുത്തം നടത്തിയതോടെ പ്രഖ്യാപനത്തിൻെറ സമയക്രമം ആകെ മാറി. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായി ആരെ നിയമിക്കണം എന്നതാണ് പ്രധാന തർക്ക വിഷയം.
താൽക്കാലിക അധ്യക്ഷനായി ചുമതല ഏറ്റെടുത്ത എൻ.ശക്തൻ തുടരട്ടെയെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ചെമ്പഴന്തി അനിലിനെ അധ്യക്ഷനാക്കിയേ തീരുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ ഉറച്ച നിലപാട്.
നാടാർ വിഭാഗത്തിൽ നിന്നുളള നേതാവ് എന്നതാണ് ശക്തനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്
എന്നാൽ നേരത്തെയും നാടാർ സമുദായത്തിൽ നിന്നുളളയാളല്ലല്ലോ ജില്ലാ അധ്യക്ഷൻ എന്നതാണ് ചെമ്പഴന്തി അനിലിനെ അനുകൂലീക്കുന്നവരുടെ മറുവാദം.
കൊല്ലം ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജേന്ദ്രപ്രസാദിനെ മാറ്റാൻ പാടില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷിൻെറ നിലപാട്.
രാജേന്ദ്ര പ്രസാദിനെ മാറ്റിയാൽ പകരം നിയമിക്കേണ്ട സ്വന്തം അനുയായിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും രാജേന്ദ്രപ്രസാദ് തുടരണമെന്ന് തന്നെയാണ് കൊടിക്കുന്നിലിൻെറ താൽപര്യം.
കൊല്ലത്ത് മാറുന്നില്ലെങ്കിൽ ആലപ്പുഴയിൽ ബി.ബാബു പ്രസാദ് തുടരട്ടെയെന്ന അഭിപ്രായം രമേശ് ചെന്നിത്തലക്കും ഉണ്ട്. എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ മാറ്റുന്നതിനോടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് യോജിപ്പില്ല.
മികച്ച പ്രവർത്തനം കാഴ്ചവ്വെക്കുന്ന ഡി.സി.സി അധ്യക്ഷൻ എന്നതാണ് ഷിയാസിനെ നിലനിർത്തണമെന്ന വാദത്തിൻെറ പിൻബലം.
കണ്ണൂർ ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജിനെ മാറ്റരുതെന്ന നിലപാടിൽ കെ.സുധാകരനും വാശിയിലാണ്.കേരളത്തിലെ എ ക്ളാസ് ഡി.സി.സി പ്രസിഡൻറാണ് മാർട്ടിൻ എന്നാണ് സുധാകരൻെറ വാദം.
കെ.നീലകണ്ഠനെ അധ്യക്ഷനായി പരിഗണിക്കുന്ന കാസർകോട്ട് മുസ്ളിം സമുദായത്തിൽ നിന്നുളള ബി.എം.ജമാലിനെ പ്രസിഡൻറാക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻെറ ആവശ്യം.
സാമുദായിക സമവാക്യം പാലിക്കാൻ ഇത് അനിവാര്യമാണെന്ന് പറയുന്ന ഉണ്ണിത്താൻ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും അവരുടെ സംഘടനാ സ്ഥാനങ്ങൾ വീതം വെക്കുമ്പോൾ സാമുദായിക പരിഗണന നോക്കാറില്ല എന്നാണ് ഉണ്ണിത്താൻെറ എതിരാളികളുടെ വാദം.